പത്തനംതിട്ട: ധീര ബലിദാനി വിശാലിന്റെ കോളേജായ കോന്നി എന്‍.എസ്.എസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തിരിച്ച് പിടിച്ച എ.ബി.വി.പി. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് എസ്.എഫ്.ഐ. എ.ബി.വി.പി യൂണിറ്റ് സെക്രട്ടറി വിഷ്ണു അടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയിലെ എല്ലാ കോളേജുകളിലും വിദ്യാഭ്യാസബന്ദിന് എ.ബി.വി.പി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.
അക്രമത്തില്‍ എ ബി വി പി എന്‍എസ്എസ് യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന്റെ തലയ്‌ക്കാണ് പരുക്കേറ്റിരിക്കുന്നത്, വിഘ്‌നേഷ് എസ്, അരുണ്‍ മനോജ്, അരവിന്ദ് എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ എല്ലാവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്എഫ്‌ഐ ഗുണ്ടകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മഹാത്മാ ഗാന്ധി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ എ.ബി.വി.പി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എസ്.എഫ്.ഐ യുടെ കുത്തക ക്യാമ്പസ്സുകളില്‍ വന്‍ അട്ടിമറി വിജയം നേടാന്‍ എ.ബി.വി.പിയ്‌ക്ക് സാധിച്ചിരുന്നു. എസ്.എഫ്.ഐയുടെ കൈയ്യിലിരുന്ന കോന്നി എം.എം. എന്‍.എസ്.എസ് കോളേജില്‍ എ.ബി.വി.പി പാനല്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പ്രകോപിതരായാണ് എസ്.എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്.
















