തിരുവനന്തപുരം: വിശ്വാസിയുടെ മുഖംമൂടി ഇപ്പോള്‍ സ്വയം എടുത്തണിഞ്ഞ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പ ഭക്തരെ വിശേഷിപ്പിച്ചത് താലിബാന്‍ മോഡല്‍ അക്രമികളെന്ന്. ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ താന്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഏറ്റു പറച്ചില്‍ നടത്തിയ ജയരാജനായിരുന്നു അന്നു മുഖ്യമന്ത്രി പിണറായിക്കൊപ്പം ചേര്‍ന്ന് ഭക്തരെ വേട്ടയാടാന്‍ മുന്നില്‍ നിന്നത്.
താലിബാന്‍ മാതൃകയിലുള്ള അക്രമികളാണ് ശബരിമലയിലുള്ളതെന്നും. യുവതി പ്രവേശനത്തിന് പോലീസിന്റെ ബുദ്ധിപരമായ രീതിയിലുള്ള നടപടി ശബരിമലയിലുണ്ടാകുമെന്നുമാണ് ഇപി ജയരാജന്‍ അന്നു പറഞ്ഞത്. സിപിഎമ്മിന്റെ പ്രേരണയില്‍ ശബരിമല വലിയ നടപ്പന്തലിന് സമീപം വരെയെത്തിയിട്ട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രഹ്നഫാത്തിമയെ തിരിച്ച് ഇറക്കിയപ്പോഴായിരുന്നു ജയരാജന്റെ ഈ പ്രതികരണം. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നുള്ള വ്യാജ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കിയതിനെ ആദ്യം പിന്തുണച്ച് രംഗത്തെത്തിയതും ഇ.പി ജയരാജനായിരുന്നു. അമ്പത്തൊന്നല്ല അതില്‍ കൂടുതല്‍ പേര്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്നുമാണ് അന്നു മന്ത്രി പറഞ്ഞത്.
ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ഇ.പി അടക്കമുള്ളവര്‍ വിശ്വാസികളുടെ വ്യാജ മുഖംമൂടി എടുത്തണിഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളും വിശ്വാസികള്‍ക്കൊപ്പമാണെന്ന പ്രതീതിയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ വരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ താന്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നു ഏറ്റു പറച്ചിലുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയത്.
തന്റെ ബന്ധുക്കള്‍ പലരും ശബരിമലയിലും ഗുരുവായൂരിലും പോകുന്നവരാണ്. അച്ഛന്‍ എല്ലാമാസവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണു ജനിച്ചു വളര്‍ന്നത്. ശബരിമലയുടെ പേരില്‍ എത്രമാത്രം കുറ്റം കേള്‍ക്കേണ്ടി വന്നു. എന്തു തെറ്റാണു തങ്ങള്‍ ചെയ്തത്. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. തങ്ങള്‍ക്കും അതേ ചെയ്യാന്‍ സാധിക്കൂ. ഒരു പാട് തെറി കേട്ടു. തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവെന്നും ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം പരിവേദനം നടത്തിയിരുന്നു.
















