തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ വിചാരണക്കിടയില്‍ വീണ്ടും കൂറുമാറ്റം. കേസിലെ ഒന്നാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണക്കിടെ കൂറുമാറിയത്. അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് അനുപമ ഇന്ന് കോടതിയില്‍ പറഞ്ഞത്.
സിസ്റ്റര്‍ അഭയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് അരികിലും കണ്ടിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ മുമ്പ് മൊഴി നല്‍കിയിരുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ കോടതിയില്‍ ഇന്ന് പറഞ്ഞത്. ഇതോടെ, അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു.പ്രോസിക്യൂഷന്‍ പട്ടികയില്‍ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, രണ്ട് സാക്ഷികള്‍ മരിച്ചതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ അനുപമ ഒന്നാം സാക്ഷിയായത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്‌ക്കുകയായിരുന്നു.
ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
















