കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സിപിഎമ്മിന് ധൃതി കൂടിപ്പോയെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നവതി ആഘോഷ വേദിയിലാണ് പാര്‍ട്ടിക്കെതിരെ ലോറന്‍സ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് ധൃതി കൂടി. ആദ്യം അനുകൂലിച്ചെങ്കിലും പിന്നീട് അത് തെറ്റാണെന്ന് തോന്നി. സിപിഎം എടുത്ത നിലപാട് ശരിയായില്ല. പാടില്ലാത്തതായിരുന്നു. തെറ്റുകള്‍ തിരുത്തി മുന്നേറുന്നതാണ് സിപിഎം. എന്നാല്‍, തിരുത്തലുകള്‍ വേണ്ടവിധത്തിലില്ലെന്നും ലോറന്‍സ് വിമര്‍ശിച്ചു. ജനങ്ങളുമായി നേതാക്കള്‍ക്ക് സമ്പര്‍ക്കം കുറഞ്ഞു. അണികളെ രാഷ്‌ട്രീയം പഠിപ്പിക്കണം. പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. മീനിനെപ്പോലെ എല്ലായിടത്തും ഊളിയിട്ട് പോകുന്നവരാകണം പാര്‍ട്ടി പ്രവര്‍ത്തകരെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിക്ക് വിധേയനായി ഏരിയ കമ്മിറ്റിയില്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി നിന്ന് തിരികെ സംസ്ഥാന കമ്മിറ്റിയിലെത്തിയ ലോറന്‍സിന്റെ അച്ചടക്കവും 73 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനവും യുവജനത കണ്ട് പഠിക്കണമെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് ലോറന്‍സിന്റെ വിമര്‍ശനം.
















