കണ്ണൂര്‍: ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വിശ്വാസികളുടെ മുഖംമൂടി എടുത്തണിഞ്ഞ് സിപിഎം. തങ്ങളും വിശ്വാസികള്‍ക്കൊപ്പമാണെന്ന പ്രതീതിയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ വരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ താന്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നു ഏറ്റു പറച്ചിലുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തി.
തന്റെ ബന്ധുക്കള്‍ പലരും ശബരിമലയിലും ഗുരുവായൂരിലും പോകുന്നവരാണ്. അച്ഛന്‍ എല്ലാമാസവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണു ജനിച്ചു വളര്‍ന്നത്. ശബരിമലയുടെ പേരില്‍ എത്രമാത്രം കുറ്റം കേള്‍ക്കേണ്ടി വന്നു. എന്തു തെറ്റാണു തങ്ങള്‍ ചെയ്തത്. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. തങ്ങള്‍ക്കും അതേ ചെയ്യാന്‍ സാധിക്കൂ. ഒരു പാട് തെറി കേട്ടു. തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചു.
നാട്ടില്‍ സമാധാനവും ശാന്തിയും നല്‍കുന്നതില്‍ ആരാധനാലയങ്ങള്‍ പ്രധാന ഘടകമാണ്. മനുഷ്യരാണ്, ചിലപ്പോഴൊക്കെ തെറ്റുകള്‍ സംഭവിച്ചേക്കാം. തെറ്റുകള്‍ സംഭവിക്കാത്തവരില്ല. തെറ്റുപറ്റിയാല്‍ അതില്‍ കടിച്ചുതൂങ്ങാതെ തെറ്റു തിരുത്തി ശരിയായ നിലപാട് സ്വീകരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.
















