ന്യൂദല്‍ഹി: പ്രധാനമന്ത്രിയായതിനു ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നരേന്ദ്ര മോദിയെ തേടിയെത്തിയത് ആറ് മുസ്ലിം രാജ്യങ്ങളുടെ പരമോന്നത ബഹുമതി. മോദി സര്‍ക്കാരിന്റെ ഭീകരതയ്ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. മോദിക്ക് ഇസ്ലാമിക രാജ്യങ്ങള്‍ നല്കുന്ന ബഹുമതി പാക്കിസ്ഥാനുള്ള കനത്തയടിയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇതിനു മുമ്പില്ലാത്ത വിധം ശക്തമാണ്. മോദിയുടെ പ്രവര്‍ത്തന മികവിന്റെ ഫലമാണിത്. എന്നാല്‍, ഇന്ത്യക്ക് ലഭിക്കുന്ന സ്വീകാര്യത പാക്കിസ്ഥാന് വലിയ പ്രഹരമാണ്. ലോകത്തിന് മുന്നില്‍ പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെടുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ആഗോളതലത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഫലം വിപരീതമായി. ഇത് പുതിയ ഇന്ത്യയാണെന്ന് പാക്കിസ്ഥാന് ഇപ്പോഴാണ് മനസിലായത്. ലോകരാജ്യങ്ങളുമായെല്ലാം ബന്ധമുണ്ടാക്കി അതുവഴി ഭീകരവാദത്തെ ഒറ്റപ്പെടുത്തുന്ന ഇന്ത്യ.
ബെഹ്റൈന്റെ കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്, യുഎഇയുടെ ഓര്‍ഡര്‍ ഓഫ് സെയ്ദ്, പാലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പാലസ്തീന്, അഫ്ഗാനിസ്ഥാന്റെ അമിര്‍ അമാനുള്ള ഖാന് അവാര്‍ഡ്, സൗദി അറേബ്യയുടെ കിങ് അബ്ദുള്ള അസിസ് ഷാ അവാര്‍ഡ്, മാല്‍ദ്വീവ്സിന്റെ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീനന്‍ തുടങ്ങിയ പുരസ്കാരങ്ങളാണ് അഞ്ചു വര്‍ഷത്തിനിടെ മോദിയെ തേടിയെത്തിയത്.
മോദിയുടെ പുതുമയേറിയ വിദേശ നയത്തിന്റെ വിജയമാണിത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലും സ്വീകര്യതയുണ്ടായി. ഇന്ത്യയില്‍ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനയുണ്ടായി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു.
ഓരോ തവണയും വിദേശ രാജ്യങ്ങളില്‍ നിന്ന് പുരസ്കാരമേറ്റുവാങ്ങുമ്പള് മോദി പറയുന്ന ഒരു വാചകമുണ്ട്, ഈ പുരസ്കാരം ഒരു വ്യക്തിക്കുള്ളതല്ല 130 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, അവരുടെ മൂല്യങ്ങള്‍ക്കുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: