തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയതു സംബന്ധിച്ചു കോണ്‍ഗ്രസിനുള്ളില്‍ അടി മൂക്കുന്നു. മോദിയെ പ്രകീര്‍ത്തിച്ച ശശി തരൂരിനെ ലക്ഷ്യമിട്ട് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമായി. തരൂരിനെതിരേ നടപടി വേണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍ എംപി ഇന്ന് രംഗത്തെത്തി. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയിലേക്കു പോകാമെന്നു കെ. മുരളീധരന്‍ എംപി തുറന്നടിച്ചു. ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്നും മുരളി പറഞ്ഞു. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍. മോദി വിഷയത്തില്‍ തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. എന്നാല്‍, ഇതിനു രൂക്ഷമായ ഭാഷയിലാണ് തരൂര്‍ മറുപടി നല്‍കിയത്. ഇതാണ് ഇപ്പോള്‍ വിഷയം വീണ്ടും വഷളാകാന്‍ കാരണം.
എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായവുമായി ജയറാം രമേശ്, മനു അഭിഷേക് സിങ്വി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെയാണ് അവരെ പിന്തുണച്ച് തരൂര്‍ പ്രസ്താവനയിറക്കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറ്റം മാത്രം പറഞ്ഞാല്‍ ജനം കേള്‍ക്കില്ല. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തരൂരിന്റെ അഭിപ്രായത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗതെത്തി. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തെറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.എന്നാല്‍,ചെന്നിതലക്ക് തിരിച്ചടിയായി ശശി തരൂര്‍ നിലപാടില്‍ ഉറച്ചു നിന്നു. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും തരൂര്‍ പറഞ്ഞു. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമെന്നും തരൂര്‍ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ലന്നുമാണ് ജയ്‌റാം രമേഷ് പറഞ്ഞത്.മനു അഭിഷേക് സിംഗ്വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണ്. നല്ലതിനെ അംഗീകരിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രതിരണവുമായി ബിജെപിയില്‍ അംഗത്വം നേടിയ മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി. നരേന്ദ്ര മോദിയെ പ്രശംസിച്ചകോണ്‍ഗ്രസ്സിലെ ബുദ്ധിജീവികളായ മൂവര്‍ സംഘത്തെ പുറത്താക്കാന്‍ ഹൈക്കമാന്റിന് ധൈര്യമുണ്ടോ? ഞാന്‍ പല തവണ പറഞ്ഞതാണ് തരൂറും, സിംഗ്‌വിയും, ജയറാമും ആവര്‍ത്തിച്ചത്. പ്രസ്താവന വീരന്‍മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റേയുംനാവടങ്ങിപ്പോയോ എന്നും അബ്ദുള്ളക്കുട്ടി.
















