കൊച്ചി: ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറിയും കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ. റഹിം നടത്തിയ ഫെലോഷിപ്പ് തട്ടിപ്പിന് പിന്നാലെ റഹിമിന്റെ ഹാജര്‍ ബുക്ക് സര്‍വകലാശാലയില്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. ഇസ്ലാമിക് പഠന വിഭാഗത്തിലെ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെയാണ് റഹിം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ മത്സരിച്ചത്. ഇത് സംബന്ധിച്ച പരാതിയില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ നടത്തിയ അന്വേഷണത്തിലാണ് ഹാജര്ബുക്ക് കാണാനില്ലെന്ന് കണ്ടെത്തിയത്.
ഒരേസമയം അഡ്വക്കേറ്റും ഗവേഷണ വിദ്യാര്‍ഥിയുമായിരിക്കാന്‍ കഴിയില്ലെന്നും സിന്‍ഡിക്കേറ്റ് അംഗമായി റഹിമിനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നും കാട്ടി വര്‍ക്കല പാലച്ചിറ സ്വദേശിയായ ഹസീം മുഹമ്മദ് സര്വകലാശാലയക്ക് പരാതി നല്കി. രജിസ്ട്രാറോട് പരാതി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. റഹിമിന്റെ ഹാജരും പഠന വിവരവും ആവശ്യപ്പെട്ട് ഇസ്ലാമിക് പഠനവിഭാഗം മേധാവി ഡോ. എ.കെ. അമ്പോറ്റിക്ക് രജിസ്ട്രാര്‍ കത്തയച്ചതോടെയാണ് സംഭവം പുറത്തായത്. റഹിം കോഴ്സില്‍ ചേര്‍ന്ന 2010 മെയ് നാലുമതല്‍ 2015 ഏപ്രില്‍ 30 വരെയുള്ള അഞ്ചുവര്‍ഷവും ആവശ്യത്തിന് ഹാജര്‍ ഉണ്ടെന്നും ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തിലെ ഗവേഷണ പുരോഗതി വിലയിരുത്തിയാണ് ഫെലോഷിപ് നല്‍കിയതെന്നും മാത്രമായിരുന്നു പഠനവിഭാഗം മേധാവിയുടെ റിപ്പോര്‍ട്ടിലുള്ളത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍വകലാശാലയുടെ അനുവാദം വാങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നയാള്‍ക്ക് എങ്ങനെ ഹാജര്‍ ലഭിക്കുമെന്നും ചോദ്യം ഉയര്‍ന്നതോടെ ഹാജര്‍ ബുക്ക് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ വീണ്ടും കത്തയച്ചു. 2016 ആഗസ്ത് 10 മുതലാണ് താന്‍ മേധാവി ആയതെന്നും 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഹാജര്‍ മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളുവെന്നും വകുപ്പ് മേധാവി ഡോ. എ.കെ. അമ്പോറ്റി വീണ്ടും മറുപടി നല്കി. കൂടാതെ 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തെ ഹാജര്‍ ഒരു പേജില്‍ ഒരുമിച്ച് രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും നല്കി. തുടര്‍ന്ന് ഡോ.എ. അമ്പോറ്റിക്ക് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് ഹാജര്‍ ബുക്ക് കാണാനില്ലെന്ന വിചിത്ര വെളിപ്പെടുത്തല്‍ നടത്തിയത്.
2010 മെയ് നാലുമുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള ഹാജര്‍ ബുക്ക് കണ്ടെത്താനായില്ലെന്നാണ് പഠനവിഭാഗം മേധാവി രജിസ്ട്രാറെ അറിയിച്ചത്. 2017ല്‍ നടത്തിയ അറ്റകുറ്റപ്പണിക്കിടെ ഹാജര്ബുക്ക് നഷ്ടമായി എന്നാണ് കരുതുന്നത്. അത് കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും 2018 ഫെബ്രുവരി മൂന്നിന് കാരണം കാണിക്കലിന് നല്കിയ മറുപടിയില്‍ പഠന വിഭാഗം മോധാവി വ്യക്തമാക്കുന്നു. മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം ഹാജര്‍ ഉണ്ടെങ്കിലേ ഫെലോഷിപ്പ് നല്‍കാവൂ. എന്നാല്‍ 2010 മെയ് നാലുമുതല്‍ 2013 നവംബര്‍ രണ്ട് വരെയുള്ള ഫെലോഷിപ്പ് തുകയായ 3,44,744 രൂപ എ.എ. റഹിം കൈപ്പറ്റിയിട്ടുണ്ട്. ഈ കാലയളവിലാണ് റഹിം വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതും പരാജയം ഏറ്റുവാങ്ങുന്നതും.
ഹാജരില്ലാത്ത ഗവേഷണ വിദ്യാര്‍ഥിക്ക് ഫെലോഷിപ്പ് ലഭ്യമാക്കി എന്ന് മാത്രമല്ല 3.44 ലക്ഷംരൂപ ഫെലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എ.എ. റഹിം ഗവേഷണ വിദ്യാര്‍ഥി അല്ലെന്നാണ് 2018 ഡിസംബര്‍ 27ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. ഫെലോഷിപ്പായ 3,44,744 രൂപ കൈപ്പറ്റിയെന്നും കൃത്യമായി അനുമതി ഇല്ലാതെയാണ് മത്സരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് മാത്രമല്ല 2014 ഏപ്രിലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണ രംഗത്തായിരുന്നു മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന റഹിം. സര്‍വകലാശാലയില്‍ ഹാജര്ബുക്ക് തേടിയുള്ള അന്വേഷണം നടക്കുമ്പോള്‍ എ.എ.റഹിം സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: