ഇന്ദ്രിയാധികരണം
എട്ടാമത്തേതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഇതില്‍ ചര്‍ച്ച ചെയ്യുന്നു.
സൂത്രം – ന ഇന്ദ്രിയാണിതദ് വ്യപദേശാദന്യത്ര ശ്രേഷ്ഠാ ത്
മുഖ്യ പ്രാണന് ഇന്ദ്രിയങ്ങളല്ല. മുഖ്യ പ്രാണനില്‍ നിന്ന് വേറെയായി അവയെ പറഞ്ഞിട്ടുള്ളതിനാല്‍.
മുഖ്യപ്രാണന് ഒന്ന് മാത്രമെന്നും പ്രാണങ്ങള്‍ 11 എണ്ണമുണ്ട് എന്നും പറയുന്നതില്‍ പൊരുത്തക്കേടില്ലേ.
മനസ്സും ഇന്ദ്രിയങ്ങളേയും ചേര്‍ത്താണ് പ്രാണങ്ങള്‍ 11 എന്ന് പറയുന്നത്.ശ്രുതിയില്‍
പ്രാണങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ദ്രിയങ്ങള്‍ വാസ്തവത്തില്‍ പ്രാണന്റെ വൃത്തിഭേദമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നുളള സംശയത്തെ തീര്‍ക്കുകയാണ് ഈ സൂത്രത്തില്‍.
മുഖ്യ പ്രാണന്റെ വൃത്തി ഭേദങ്ങളല്ല ഇന്ദ്രിയങ്ങള്‍.ശ്രുതിയിലെഉല്‍പ്പത്തി പ്രകരണത്തില്‍
പ്രാണനേയും ഇന്ദ്രിയങ്ങളേയും വേറെ തന്നെ പറയുന്നു. മുണ്ഡകോപനിഷത്തില്‍ ‘ഏതസ്മാജ്ജായതേ പ്രാണോ മന: സര്‍വേ ന്ദ്രിയാണി ച’ – പ്രാണനും മനസും ഇന്ദ്രിങ്ങളും ഉണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ഇന്ദ്രിയങ്ങളെ പ്രാണങ്ങളെന്ന് വിളിക്കുന്നത് എന്ന് തോന്നാം. രൂപസാമ്യം കൊണ്ടാണ് ഇന്ദ്രിയങ്ങളെയും പ്രാണങ്ങള്‍ എന്ന് പറയുന്നത്. ഇത്തരത്തില്‍ ഗൗണമായ അര്‍ത്ഥത്തിലാണ് ഇന്ദ്രിയങ്ങളെ പ്രാണന് എന്ന് വിളിക്കുന്നത്. അതു കൊണ്ട് തന്നെ മുഖ്യ പ്രാണനും പ്രാണങ്ങളെന്നു പറയുന്ന ഇന്ദ്രിയങ്ങളും വേറെ തന്നെയാണ്. പ്രാണന് ഒരിക്കലും ഇന്ദ്രിയവര്‍ഗ്ഗത്തില്‍പ്പെട്ട തല്ല.
ബൃഹദാരണ്യ കത്തില്‍ ‘ഹന്താ സൈ്യവസര്‍വേരൂപ മസാമേതി ത ഏതസൈ്യവ സര്‍വേ രൂപമഭവന്‍ ‘ – നമ്മളെല്ലാവരും ഇവന്റെ രൂപത്തെ തന്നെ പ്രാപിക്കണം എന്ന് സങ്കല്പിച്ചിട്ട് അവയെല്ലാം മുഖ്യപ്രാണന്റെ രൂപങ്ങളായിത്തീര്‍ന്നു.
അതിനാല്‍ മുഖ്യ പ്രാണനും ഇന്ദ്രിയങ്ങളും വേറെ തന്നെയാണ്.
സൂത്രം – ഭേദശ്രുതേ:
പ്രാണനും ഇന്ദ്രിയങ്ങള്‍ക്കുമുള്ള ഭേദത്തെപ്പറ്റി ശ്രുതിയില്‍ തന്നെ പറയുന്നുണ്ട്. അതിനാലും ഇന്ദ്രിയങ്ങളും പ്രാണനും വ്യത്യസ്തമാണ്.
ശ്രുതിയുടെ പ്രസ്താവമനുസരിച്ച് ഇന്ദ്രിയ അധിഷ്ഠിതാക്കളായ ദേവതകള്‍ ഓരോ ഇന്ദ്രിയങ്ങളില്‍ മാത്രം വ്യാപരിക്കുന്നവയാണ്. പ്രാണ ദേവത ശരീരം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ വാക് മുതലായ ദേവതകളില്‍ നിന്ന് പ്രാണന് വേറിട്ടതാണെന്ന് ശ്രുതികളില്‍ കാണാം. മുണ്ഡകം, ബൃഹദാരണ്യകം പ്രശ്നം തുടങ്ങിയ ഉപനിഷത്തുക്കളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
സൂത്രം – വൈലക്ഷണ്യാച്ച
വിലക്ഷണങ്ങളായതിനാലും.
പ്രാണനും ഇന്ദ്രിയങ്ങള്‍ക്കും പല വൈലക്ഷണ്യങ്ങളും ഉണ്ട്. ഇവ രണ്ടും തമ്മില്‍ പലതരത്തിലും വേര്‍തിരിവുകള്‍ ഉള്ളതിനാല്‍ ഒരിക്കലും ഒന്നെന്ന് പറയാനാകില്ല. സുഷുപ്തിയില്‍ എല്ലാ ഇന്ദ്രിയങ്ങളും ഉറങ്ങുമ്പോള്‍ മുഖ്യപ്രാണന് മാത്രം ഉണര്‍ന്നിരിക്കുന്നു. ഒരു ക്ഷീണവും കൂടാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പ്രാണന് ഉറക്കമാകുന്ന മരണമില്ല. ഉറക്കത്തിന്റെ ശക്തിക്ക് പ്രാണനെ ബാധിക്കാനാവില്ല. മുഖ്യ പ്രാണന് മാത്രമാണ് ദേഹധാരണത്തിനും മരണത്തിനും കാരണമാകുന്നത്. ഇന്ദ്രിയങ്ങള്‍ അല്ല,
വിഷയാലോചനാ സാമര്‍ത്ഥ്യം ഇന്ദ്രിയങ്ങള്‍ക്ക് ചെയ്യുന്നു.ഇതില്‍ മുഖ്യപ്രാണന് പങ്കില്ല. ഇങ്ങനെ പല വ്യത്യാസങ്ങളും മുഖ്യ പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുണ്ട്.
ബൃഹദാരണ്യകത്തില്‍ ഇന്ദ്രിയങ്ങള്‍ മൃത്യുവിനാല്‍ കീഴടക്കപ്പെട്ടവയാണെന്നും പ്രാണന് മാത്രം മൃത്യുവിനാല്‍ കീഴ്ട്ടെ തല്ലെന്നും വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ ഇന്ദ്രിയങ്ങളെ പ്രാണനെന്ന് വിളിച്ചത് ഗൗണമായി തന്നെ കാണണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: