തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനുള്ള സര്‍ക്കാരിന്റെ നയ രൂപീകണം വൈകിയതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. പഴയ ബസുകള്‍ പിന്‍വലിച്ച് പുതിയവ നിരത്തിലിറക്കേണ്ടത് ആവശ്യമാണെന്നിരിക്കേയാണ് തീരുമാനം നീണ്ടു പോകുന്നത്.
പ്രതിമാസം 200 ബസുകളോളം നിരത്തൊഴിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. നിലവില്‍ 5500 ബസുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്.
നിരത്തില്‍ ഇറക്കുന്ന പുതിയ ബസുകള്‍ സൂപ്പര്‍ ഡീലക്‌സ്, ഡീലക്്‌സ് സര്‍വ്വീസുകളായാണ് ആദ്യം കെഎസ്ആര്‍ടിസി ഓടിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇത് ഫാസ്റ്റായും പിന്നീട് ഓര്‍ഡിനറിയായും മാറ്റും. 15 വര്‍ഷമാണ് ഒരു ബസിന്റെ കാലവധി.
അതേസമയം തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ പത്ത് ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ പുതിയ 1500 ഇലക്ട്രിക് ബസുകള്‍ വാടകക്ക് എടുക്കാനായി കെഎസ്ആര്‍ടിസി വിളിച്ച ടെന്‍ഡര്‍ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
















