തിരുവനന്തപുരം:പ്രളയത്താല്‍ കാടും ബന്ധുക്കളും നഷ്ടപ്പെട്ട് മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടുപോയ ആനക്കുട്ടി ഇനി തിരുവനന്തപുരത്തുകാരുടെ ഓമനയാകും. കോട്ടൂര്‍ ആനപരിശീലന കേന്ദ്രത്തിലെ പരിശീലകന്‍ രവീന്ദ്രനുമായി നല്ല ചങ്ങാത്തത്തിലാണ് അവളിപ്പോള്‍. പരിചയമില്ലാത്ത സ്ഥലം നോക്കി പരശോധിക്കുന്നതിനിടയില്‍ വിശക്കുമ്പോള്‍ ഓടിവന്ന് രവീന്ദ്രന്റെ കൈ ചുറ്റിപ്പിടിക്കുന്നു.
ആഗസ്റ്റ് 14 നാണ് നിലമ്പൂരിലെ കരിമ്പുഴ ഭാഗത്ത് നിന്നാണ് രണ്ട് മാസത്തോളം പ്രായമുള്ള ആനക്കുട്ടിയെ വനംവകുപ്പിന് ലഭിച്ചത്. ശക്തമായ ഒഴുക്കില്‍ നിന്ന് രക്ഷപ്പെട്ട് കരയ്‌ക്ക് കയറിയ ആനക്കുട്ടിയെ കുറിച്ച് നാട്ടുകാരാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടര്‍ന്ന് കരുളായി റേഞ്ച് ഓഫീസര്‍ രാഗേഷിന്റെ നേതൃത്വത്തില്‍, നെടുങ്കയം, പടുക്ക സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റി വിടാന്‍ ശ്രമം നടത്തി. ഇതിനായി ആറ് കിലോമീറ്റര്‍ ഉള്‍കാട്ടിലേക്ക് ആനക്കുട്ടിയെ കയറ്റിവിട്ടു. എന്നാല്‍ രണ്ടിടങ്ങളില്‍ ആനക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടാതെ കടന്നു പോയി.
വൈകുന്നേരം വീണ്ടും കയറ്റി വിട്ടെങ്കിലും ഫലമുണ്ടായില്ല. പിറ്റേ ദിവസം ആനക്കുട്ടിയെ വീണ്ടും ജനവാസ കേന്ദ്രത്തില്‍ കാണ്ടെത്തി. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കാപ്പുക്കാടെത്തിച്ച ആനക്കുട്ടിയെ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകള്‍ക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി, ഇവിടെ രവീന്ദ്രന്‍ എന്ന പരിചാരകനെ ആനക്കുട്ടിയുടെ ശുശ്രൂഷാ ചുമതല ഏല്‍പ്പിച്ചു. പാപ്പാന്മാരും കുട്ടിയാനകളും കൂട്ടിനെത്തിയപ്പോള്‍ ആനക്കുട്ടി ഉഷാറായി. പ്രത്യേക പരിചരണത്തിലാണിപ്പോള്‍ ആനക്കുട്ടി.
















