കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വില്ലേജുകളെ ഉള്‍പ്പെടുത്തി ദുരിതാശ്വാസ കമ്മിഷണറാണ് ഉത്തരവിറക്കിയത്.
ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. ആഗസ്ത് എട്ട് മുതല്‍ ഒരാഴ്ച പെയ്ത കനത്ത മഴ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശം വിതച്ചിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം, കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്.
ഏറ്റവും കുറവ് ദുരന്തബാധിത വില്ലേജുകളുള്ളത് കൊല്ലത്താണ്. 5 എണ്ണം. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജു പോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ബാങ്കുകളുടെ വായ്‌പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിതപ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ മൂന്ന് തവണയായി 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അത് ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു. പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും, വീടിനുള്ളില്‍ വെള്ളം കയറിയവര്‍ക്കുമാണ് അടിയന്തരസഹായം കിട്ടുക. കൂടാതെ മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അടിയന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
കഴിഞ്ഞ പ്രളയത്തിന്റെ സഹായം വരെ ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. അതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ദുരന്ത ബാധിധ പ്രദേശങ്ങളുടെ പട്ടികയും, അടിയന്തിര സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്.
















