ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ധനമന്ത്രിമാരില്‍ ഒരാളായിരുന്നു അരുണ്‍ ജെയ്റ്റ്ലി. സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്ന് ഉറപ്പുള്ള നയങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം അസാമാന്യ ധൈര്യവും ശ്രദ്ധയും പുലര്‍ത്തി. സമ്പദ് വ്യവസ്ഥ സംബന്ധിക്കുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാന്‍ ജെയ്റ്റ്ലിക്ക് കഴിഞ്ഞു.
സാമ്പത്തിക രംഗത്ത് ഊര്‍ജ്ജം പകരാന്‍ കൊണ്ടുവന്ന സുപ്രധാന നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. അതില്‍ ശ്രദ്ധേയമാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പില്‍ വരുത്തുന്നതിന് മുമ്പ് നേരിട്ട വിമര്‍ശനങ്ങളേയും എതിര്‍പ്പുകളേയും എല്ലാം അതിജീവിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനായി നടത്തിയ നീണ്ട ചര്‍ച്ചകളും പരക്കെ അംഗീകരിക്കപ്പെട്ടു.
വരും വര്‍ഷങ്ങളില്‍ ജിഎസ്ടിയെക്കാള്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്ന പരിഷ്കരണങ്ങളില്‍ ഒന്നാവും പാപ്പരത്ത നിയമം (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ്). ബാങ്കിങ് മേഖലയ്ക്ക് ആശ്വാസം പകരുന്ന ഈ നിയമം വായ്പാ തിരിച്ചടവുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് കളമൊരുക്കും. ഈ നേട്ടവും ജെയ്റ്റ്ലിക്ക് അവകാശപ്പെട്ടതാണ്.
അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന 2016ലാണ് പണ നയ സമിതി (എംപിസി) രൂപീകരിച്ചത്. സാമ്പത്തിക നയരൂപീകരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.
സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളെ സംയോജിപ്പിക്കണമെന്ന് മുന്‍ കാലങ്ങളില്‍ പല സര്‍ക്കാരുകളും താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും ആ നടപടികള്‍ക്ക് തുടക്കം കുറിച്ചത് ജെയ്റ്റ്ലിയുടെ മേല്‍നോട്ടത്തിലാണ്. എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍, ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ എസ്ബിഐയുമായും ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയുമായും ലയിപ്പിച്ചതിനു പിന്നിലും ജെയ്റ്റ്ലിയായിരുന്നു.
പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഉദാരവത്കരണം കൊണ്ടുവന്നു. പ്രതിരോധം, ഇന്‍ഷുറന്‍സ്, വ്യോമയാനം തുടങ്ങിയ നിരവധി മേഖലകളില്‍ ഉയര്‍ന്ന തോതില്‍ വിദേശ നിക്ഷേപത്തിനും അദ്ദേഹം വഴിതെളിച്ചു. ഇത്തരത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുന്ന നിരവധി കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാന്‍ അരുണ്‍ ജെയ്റ്റിലിക്ക് കഴിഞ്ഞു. തുടക്കത്തില്‍ എതിരാളികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടുവെങ്കിലും സാമ്പത്തിക രംഗത്ത് പുത്തന്‍ ദിശാബോധം നല്കാന് ജെയ്റ്റ്ലിക്ക് സാധിച്ചുവെന്നതിന് കുതിച്ചുയരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തന്നെ സാക്ഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: