കൊച്ചി : ശബരിമലയില്‍ വീണ്ടും ആചാര ലംഘനം നടത്തുമെന്ന ഭീഷണിയുമായി ബിന്ദു അമ്മിണി. സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന് തീരുമാനിച്ചാല്‍ കയറിയിരിക്കും, ഇനിയും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നുമാണ് ബിന്ദു അമ്മിണി പുതിയ ഭീഷണിയുമായി രംഗതെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒന്നല്ല ഒരായിരം സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ പാര്‍ട്ടി വിരുദ്ധ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഇനി മുന്‍കൈ എടുക്കില്ലെന്ന് സിപിഎം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ബിന്ദു അമ്മിണി വീണ്ടും യുവതികള്‍ പ്രവേശിക്കുമെന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സിപിഎമ്മിനെ വെള്ളപൂശുന്ന പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും, കയറ്റിയില്ലെങ്കില്‍ കോടതി അലക്ഷ്യം ആവുമെന്നുള്ളതു കൊണ്ടുമാണ് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയത്. സിപിഎമ്മിന്റെ ആരും തന്നെ ശബരിമലയില്‍ പ്രവേശിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു.
അതേസമയം സര്‍ക്കാരിന്റെ അറിവോടെയാണ് ബിന്ദും കനക ദുര്‍ഗ്ഗയും ശബരിമലയില്‍ എത്തിയതെന്നാണ് പത്തനംതിട്ട ഹൈക്കോടതിയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പമ്പയില്‍നിന്നു സന്നിധാനത്തേയ്‌ക്കുള്ള യാത്രയില്‍ ഇരുവര്‍ക്കും നാല് പോലീസുകാര്‍ സുരക്ഷ നല്‍കിയിട്ടുണ്ട്. സിവില്‍ വേഷത്തിലാണ് യുവതികളെ ഇവര്‍ അനുഗമിച്ചത്. വിഐപി ഗേറ്റിലൂടെയാണ് യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയതെന്നും പത്തനംതിട്ട എസ്പി നല്‍കിയ സത്യവാങ്മൂലത്തിലും പറയുന്നുണ്ട്.
















