തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ശശി തരൂര്‍ ട്വീറ്റ് ചെയ്തതിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍. മോദിയെ പുകഴ്‌ത്തിയതില്‍ താന്‍ മാപ്പ് പറയേണ്ടകാര്യമില്ലന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹത്തെ എപ്പോഴും കുറ്റം മാത്രം പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വാസിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് സിഗ്വിയുടെയും പ്രസ്താവനകളെ പിന്തുണച്ചായിരുന്നു ശശി തരൂരും ട്വീറ്റ് ചെയ്തിരുന്നത്. മോദിയുടെ ഭരണം പൂര്‍ണ്ണമായും തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാതെ കുറ്റം മാത്രം പറയുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
ഉജ്വല യോജന പദ്ധതിയില്‍ സ്ത്രീകളുടെ വോട്ട് മോദിക്ക് ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മികച്ച ഭരണമാണ് മോദിയെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചതെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന. ആറ് വര്‍ഷമായി തന്റെ നിലപാടും ഇതു തന്നെയാണെന്നായിരുന്നു ശശി തരൂരും പറഞ്ഞത്.
അതിനിടെ മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്റെ പണിയെന്ന് കെ. സി. വേണുഗോപാല്‍ പ്രതികരിച്ചു.
















