കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന കര്‍ദ്ദിനാളിന്റെ പ്രസ്താവനയ്‌ക്ക് തിരിച്ചടിയാണ് ഈ നടപടി.
തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
എറണാകുളം- അങ്കമാലി അതിരൂപതയ്‌ക്ക് കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും, ഉന്നത സമിതിയുടെ അഭിപ്രായം തേടാതെയാണ് ഭൂമി വില്‍പ്പന നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കര്‍ദ്ദിനാളിനോട് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
എന്നാല്‍ സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും, തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി അത് തള്ളി. അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരും കേസിലെ പ്രതികളാണ്.
















