തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നു ഫോറന്‍സിക് പരിശോധനഫലം. ഇതിന്റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് അര്‍ജുനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യ കേസ് ചുമത്തും. അപകട സമയത്ത് ആരാണ് കാറോടിച്ചതെന്നു സംബന്ധിച്ചു ആശയക്കുഴപ്പം ശക്തമായിരുന്നു.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്‌ക്കിടയിലും മരിച്ചു.ഭാര്യയ്‌ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ബാലഭാസ്‌കര്‍ മരിച്ചതോടെ മൊഴി മാറ്റി. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു.
വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി. അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവന്നതോടെ മൊഴികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിവായി. അര്‍ജുന്‍ മൊഴി മാറ്റിയതിനെക്കുറിച്ചാകും ഇനി അന്വേണ പുരോഗമിക്കുക.
















