കണ്ണൂര്‍: മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി തന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത അനുഭവം വൈറലാകുന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷം വിവിധ മേഖലകളില്‍ നിന്നുണ്ടായ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് അബ്ദുള്ളക്കുട്ടി പങ്ക് വെക്കുന്നത്. അനുകൂലിച്ച് ഒരു വിഭാഗം പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ്, ലീഗ് സൈബര്‍ പോരാളികളില്‍ നിന്ന് കടുത്ത തെറിവിളിയാണുണ്ടായത്.
ബിജെപി അംഗത്വമെടുത്ത് കണ്ണൂരിലെത്തിയ ശേഷം തായത്തെരു പള്ളിയില്‍ നമസ്‌കാരത്തിനെത്തിയപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. മോദിയെ ഹസ്തദാനം ചെയ്ത കൈയല്ലേയെന്ന് പറഞ്ഞ് ചിലര്‍ കൈപിടിച്ചു. വലിയ എതിര്‍പ്പൊന്നും ആളുകള്‍ പ്രകടിപ്പിച്ചില്ല. ആവേശം നല്‍കുന്ന സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ബിജെപി പരിപാടിയില്‍ പങ്കെടുത്തശേഷം പാളയം പള്ളിയില്‍ നമസ്‌കാരത്തിനെത്തിയപ്പോള്‍ ബിജെപിക്കാര്‍ പള്ളിയില്‍ വരുമോയെന്ന് ഒരാള്‍ ചോദിച്ചു. ഇത് പലരും കേട്ടു. എന്താണ് അങ്ങിനെ സംസാരിച്ചതെന്ന് അതില്‍ നിന്ന് ഒരാള്‍ തന്നെ പ്രതികരിച്ചു.
ബിജെപിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഭാഗത്തു നിന്നുണ്ടായത്. കടുത്ത കള്ള പ്രചാരണങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. മരണപ്പെട്ടാല്‍ മയ്യത്ത് കത്തിക്കുമെന്ന് പറഞ്ഞ് ഉമ്മയെ തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസ്സുകാരും ഇതേ പ്രചാരണമാണ് നടത്തിയത്. ഇതെല്ലാം തെറ്റാണെന്ന് ഉമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പുകളൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയുമായി ന്യൂനപക്ഷങ്ങളുടെ അകല്‍ച്ച കുറഞ്ഞ് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണഘടന തകര്‍ക്കും, ജനാധിപത്യം തകര്‍ക്കും എന്നൊക്കെയുള്ള പ്രചാരണം ശരിയല്ല. ഇന്ത്യയുടെ ജനാധിപത്യം തകര്‍ത്തത് അടിയന്തരാവസ്ഥക്കാലത്താണ്. കശ്മീര്‍ വിഷയത്തില്‍ ശക്തമായ തീരുമാനമാണുണ്ടായത്. പലപ്രമുഖരും ഇപ്പോള്‍ ബിജെപിയില്‍ അംഗത്വമെടുത്ത് തുടങ്ങി. ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ നാളെ നിലപാട് തിരുത്തുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെതിരെ ചില കോണുകളില്‍ നിന്ന് ആസൂത്രിതമായി കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചില വിമര്‍ശനങ്ങള്‍ എല്ലാ രാഷ്‌ട്രീയ മര്യാദകളും ലംഘിച്ച് തെറിവിളിയായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത്തരം തരംതാണ സൈബര്‍ അക്രമങ്ങള്‍ക്കെതിരെ അബ്ദുള്ളക്കുട്ടി അതേരീതിയില്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ള രാജ്യമാണെന്ന് നമുക്ക് വ്യക്തമാക്കിത്തരുമെന്നുമുള്ള പ്രതീക്ഷയാണ് അബ്ദുള്ളക്കുട്ടി പങ്ക് വെക്കുന്നത്.
















