കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാ വിധിയിന്മേലുള്ള വാദം ഇന്ന്. വാദം കേട്ടതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ദുരഭിമാനക്കൊലയാണ് ഇതെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ അടക്കം 10 പേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനക്കൊലയ്‌ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാല്‍ അത്തരം കേസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ നല്‍കിയ ചരിത്രമാണുള്ളത്.
സഹോദരന്‍ സാനു ചാക്കോ ആണ് കേസിലെ ഒന്നാം പ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രചതികള്‍. എല്ലാ പ്രതികള്‍ക്കുമെതിരേ കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൂടാതെ സാനു ചാക്കോ, നിയാസ് മോന്‍, റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്. ഏഴാം പ്രതി ഷിഫിന്‍ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. അതേസമയം കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു.
പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. ശിക്ഷാ വിധിയുണ്ടായാല്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
















