നീളന്‍ കുപ്പായം, തലയില്‍ കെട്ട്, കാല്‍മുട്ടുവരെയെത്തുന്ന ധോത്തി, ചുമലില്‍ തുണികൊണ്ടൊരു ഭാണ്ഡം ഇത്രയുമായിരുന്നു ബാബയുടെ വേഷവിധാനം. കൈയില്‍ എപ്പോഴും ഭിക്ഷാടനത്തിനായി ഒരു ലോട്ട കരുതിയിരിക്കും. പകല്‍ മുഴുവന്‍ ഷിര്‍ദിയിലും പരിസരത്തും സഞ്ചരിച്ച് ഭക്തരുടെ സ്നേഹാദരങ്ങളറിഞ്ഞ് സന്ധ്യയ്ക്ക് തിരികെ ദ്വാരകാമായിയിലെത്തുമ്പോഴും ദര്‍ശനത്തിനെത്തിയവരുടെ തിക്കുംതിരക്കും കാണാം. അവരുടെ ആധികളും വ്യാധികളുമെല്ലാം കണ്ടും കേട്ടും സാന്ത്വനിപ്പിച്ചും തിരക്കെല്ലാമൊഴിഞ്ഞ ശേഷമാണ് ബാബ ഉറങ്ങാന്‍ പോകുന്നത്.
രാത്രിയുറക്കത്തിന് പതുപതുത്ത മെത്തയോ, പനംപായയോ ഒന്നുമില്ല. ഒരു പഴയ ചാക്ക് നിവര്‍ത്തിയിടും. അതൊന്നുമല്ല കൗതുകം! ബാബയുടെ തലയിണ കണ്ടാല്‍ ആരും അതിശയിച്ചു പോകും. ഒരു ഇഷ്ടികയായിരുന്നു തലയിണ. ബാബയ്ക്കത് അമൂല്യ നിധിയായിരുന്നു. പൊന്നു പോലെയത് സൂക്ഷിച്ചു . ‘ആജീവനാന്ത കൂട്ടുകാരന് ‘ എന്നായിരുന്നു ബാബ ഇഷ്ടികയ്ക്കു നല്‍കിയിരുന്ന വിശേഷണം. അശ്രദ്ധമായി എവിടെയുമത് വെയ്ക്കാറില്ല.ബാല്യത്തിലുണ്ടായ ഒരു സംഭവത്തിന്റെ ശേഷിപ്പും സൂക്ഷിപ്പുമായിരുന്നു അത്. ഗുരുകുലത്തില്‍ ബാബയുടെ സഹപാഠിയായിരുന്ന ഒരു കുട്ടി ഒരിക്കല്‍ ബാബയുടെ നേരെഒരു ഇഷ്ടികയെറിഞ്ഞു. ഗുരുവിന് ബാബയോടുള്ള അമിതവാത്സല്യവും പരിഗണനയും കണ്ട് അസൂയ പെരുത്ത് എറിഞ്ഞതായിരുന്നു. അത് പൊട്ടിയില്ല. ബാബയ്ക്ക് പരിക്കൊന്നും പറ്റിയതുമില്ല. ബാബ അതെടുത്ത് സൂക്ഷിച്ചു.
ദ്വാരകാമായിയില്‍ ബാബ എത്തിയതു മുതല്‍ ആ ഇഷ്ടിക എല്ലാവര്ക്കും പരിചിതമായിരുന്നു. തലയിണയായി മാത്രമല്ല, ഇരിക്കുമ്പോള്‍ കൈത്താങ്ങായി വച്ചിരുന്നതും അതായിരുന്നു.
എല്ലാദിവസും രാവിലെ ബാബയുടെ ശിഷ്യരായ മഹല്സപതിയും കാഷിറാം ഷിംപിയും ഇഷ്ടികയെടുത്ത് മംഗളസ്നാനം നടത്തും. അതിനു ശേഷം ധുനി( തീക്കുണ്ഡം) ക്കരികെ വെച്ച് ഉണക്കിയെടുക്കും. രാത്രിയായാല്‍ അവര്‍ അത് വൃത്തിയുള്ളൊരു തുണിയില്‍ പൊതിഞ്ഞെടുത്ത് ബാബയ്ക്ക് തലയിണയായി നല്‍കും.
ഒരിക്കല്‍ ബാബയുടെ ശിഷ്യന് മധു ഫാസ്ലെ, ദ്വാരകാമായി വൃത്തിയാക്കുന്നതിനിടെ ഇഷ്ടിക നിലത്തു വീണു പൊട്ടി രണ്ടു കഷ്ണമായി. മധു വല്ലാതെ ഭയന്നു. ഒന്നുമറിയാത്തമട്ടില്‍ ഇഷ്ടിക കഷ്ണങ്ങള്‍ ചേര്‍ത്ത് ധുനിക്കരികെ വച്ച് ആരുമറിയാതെ അയാള്‍ അവിടെ നിന്ന് പോയി.
പകല്‍യാത്ര കഴിഞ്ഞെത്തിയ ബാബ വിശ്രിമിക്കാനിരുന്നു. മഹല്സപതിയോട് ഇഷ്ടികയുമായി വരാന്‍ പറഞ്ഞു. മഹാല്സപതി ഇഷ്ടിക കൈയിലെടുത്തതും അതു രണ്ടു കഷ്ണമായി താഴെ വീണു. ബാബയത് കണ്ടു. കളിപ്പാട്ടം പൊട്ടിയ കൊച്ചു കുട്ടികളെപ്പോലെ നിലവിളിക്കാന്‍ തുടങ്ങി. ഇതെങ്ങനെ പൊട്ടിയെന്ന് മഹാലസ്പതി അത്ഭുതപ്പെട്ടു. ബാബയെ ആശ്വസിപ്പിക്കാന്‍ എത്ര തന്നെ ശ്രമിച്ചിട്ടും നടന്നില്ല. ‘ അത് വെറുമൊരു ഇഷ്ടികയല്ല. എന്നും എപ്പോഴും എനിക്ക് തുണയായിരുന്ന എന്റെ കൂട്ടുകാരനാണ്. അവന് പോയി. വൈകാതെ ഞാനും പോകും. ‘
എന്തോ മുന്‍കൂട്ടി കണ്ടതു പോലെ ബാബ ഏങ്ങലടിച്ചു. മഹാലസപതി അതു കണ്ട് വല്ലാതെ അസ്വസ്ഥനായി. ‘ ബാബാ… അങ്ങ് കരയരുത്. ഞാനിതൊരു പൊന്‍ നൂലില്‍ കെട്ടി ചേര്‍ത്തു വെച്ചുതരാം’. മഹാലസ്പതി പറഞ്ഞു. ‘ വേണ്ട, ഇനിയെനിക്കത് എന്തിന്! പൊന്നു കൊണ്ടുള്ള ഒരായിരം ഇഷ്ടിക തന്നാലും അതിനു പകരമാകില്ല’. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ബാബ ഇരുന്നു. മണ്ണും മണലും ചേര്‍ത്തുണ്ടാക്കിയ ഇഷ്ടിക ദേഹവും ദേഹിയും ചേര്‍ന്ന മനുഷ്യനായാണ് ബാബ കണ്ടിരുന്നത്. പൊട്ടി വീണതോടെ അതിന് ആയുസ്സറ്റതായി സങ്കല്പിച്ചു. മരണത്തിന് സമാനം.
അന്നു മുതല്‍ ബാബയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ഇഷ്ടിക പൊട്ടി അഞ്ചാം നാളില്‍ ബാബ സമാധിയായി. ബാബയുടെ ഭൗതിക ദേഹം മരണാനന്തര കര്‍മങ്ങള്‍ക്ക് എടുത്തപ്പോള്‍ മധു ഫാസ്ലെ കുറ്റബോധത്തോടെ, കണ്ണീരോടെ ആ ഇഷ്ടിക കഷ്ണങ്ങളെടുത്ത് ബാബയുടെ തലയ്ക്കരികെ തലയിണ പോലെ ചേര്‍ത്തു വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: