തിരുവനന്തപുരം: സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ സിപിഎം വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്നും അതിനു തെളിവാണ് സിപിഎം വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോള്‍ . വമ്പിച്ച ഗൃഹസമ്പര്‍ക്കം പ്‌ളാന്‍ ചെയ്തിട്ട് സംസ്ഥാനത്തെ പത്തുശതമാനം വീടുപോലും കയറിത്തീര്‍ക്കാന്‍ അവര്‍ക്കുകഴിഞ്ഞിട്ടില്ല. കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
















