കണ്ണൂര്‍: ശബരിമല യുവതിപ്രവേശനം വിഷയം വീണ്ടും സിപിഎമ്മിന് തിരിച്ചടിയാകുന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിലെ ജനപങ്കാളിത്തം കണ്ടു സിപിഎം ആരംഭിച്ച ബദല്‍ യാത്രയും ഘോഷയാത്രയും പരിപാടികളും ഉപേക്ഷിച്ചു. വേണ്ടവിധത്തില്‍ ആളെ കിട്ടാത്തതുമൂലമാണ് പരിപാടി ഉപേക്ഷിക്കേണ്ടി വന്നത്. കഴിഞ്ഞതവണ പ്രളയംകാരണം ഘോഷയാത്ര ഉപേക്ഷിച്ചിരുന്നു. ഈ വര്‍ഷം പരിപാടികളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചെങ്കിലും വേണ്ടത്ര ജനപങ്കാളിത്തം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന താഴെത്തട്ടിലെ പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശപ്രകാരം പരിപാടി പാര്‍ട്ടി ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂരില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പകരമായാണ് അതേദിവസം പുരോഗമന കലാസാഹിത്യസംഘത്തിന്റെയും മറ്റ് സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആചരിച്ചത്.
നാലുവര്‍ഷംമുമ്പ് കണ്ണൂരില്‍ തുടക്കംകുറിച്ച പരിപാടി മറ്റുപല ജില്ലയിലും നടത്തിയിരുന്നു. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബാലഗോകുലം പരിപാടിയില്‍ കക്ഷിഭേദമെന്യേ സിപിഎം കുടുംബങ്ങളില്‍നിന്നുള്‍പ്പെടെ സ്ത്രീകളും കൃഷ്ണവേഷംധരിച്ച കുട്ടികളും ശോഭായാത്രയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അന്നേദിവസം ബദല്‍യാത്രകള്‍ തുടങ്ങിയത്. അന്നത്തെ പാര്‍ട്ടി ജില്ലാസെക്രട്ടറി പി. ജയരാജനായിരുന്നു ഇതിനുപിന്നില്‍. എന്നാല്‍, ഇത്തവണ പല കുടുംബങ്ങളും സിപിഎം പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാണക്കേട് ഒഴിവാക്കാന്‍ പരിപാടി ഉപേക്ഷിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.
















