കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ മൂന്നാം പ്രതി അമറിനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നു കോടതി ആരാഞ്ഞു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അമര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു പോലീസിനു വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നു കോടതി. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച മുന്‍കേന്ദ്ര ആഭ്യന്തരമന്ത്രിയെ വരെ അറസ്റ്റ് ചെയ്യുന്നത് കണ്ടില്ലേ. കുറ്റത്തിന്റെ ഗൗരവമാണ് പോലീസ് കണക്കിലെടുക്കേണ്ടത്. മറ്റു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആളാണ് ഇതു ചെയ്തതെങ്കില്‍ ഇതു തന്നെയാകുമോ പോലീസ് സമീപനമെന്നും കോടതി ആരാഞ്ഞു.
കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 19 പേരെയാണ് പ്രതികളായി പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആറുപേരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 9 വിദ്യാര്‍ത്ഥികളെക്കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണു പ്രിന്‍സിപ്പാലിന്‍ന്റെ വാദം. പ്രതികളെ സംരക്ഷിക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഒന്‍പത് പേരെ കൂടി സസ്പെന്‍ഡ് ചെയ്തത്. നേരത്തേ ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സസ്പെന്‍ഷനിലായവരുടെ എണ്ണം പതിനഞ്ചായി. ഇനി നാല് പേരെ കൂടി സസ്പെന്‍ഡ് ചെയ്യാനുണ്ട്. പ്രതികളായ പത്തൊന്‍പത് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സസ്പെന്‍ഡ് ചെയ്തത് ആറ് പേരെ മാത്രമായിരുന്നു. ഇത് വിമര്‍ശനത്തിനിടയായ പശ്ചാത്തലത്തിലായിരുന്നു പ്രിന്‍സിപ്പലിന്റെ നടപടി. കോളേജിന്റെ നിസഹകരണം മൂലം പ്രതികള്‍ക്കെതെരേ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
















