ഐസ്ലന്ഡ്: ആ മഞ്ഞുമലയുടെ അവസാനത്തെ പാളിയും ഉരുകി വീഴുമ്പോള്‍ ഐസ്ലന്ഡ് കേഴുകയായിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ മഞ്ഞുമലയായിരുന്നു അത്. ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗത്തു നിന്നും വിനോദ സഞ്ചാരികള്‍ ഐസ്ലന്ഡില് എത്തിയിരുന്നത് സെന്‍ട്രല്‍ ഹൈലാന്‍ഡിലെ ഓകെജോകുള്‍ മഞ്ഞുമല കാണാനായിരുന്നു. എന്നാല്‍ വിഖ്യാതമായ ആ മഞ്ഞുമലയ്ക്ക് ഐസ്ലന്‍ഡുകാര്‍ ചരമഗീതം കുറിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഓകെജോകുള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോള്‍ മണ്ണും കല്ലും നിറഞ്ഞ കുന്നു മാത്രം. 1900ല്‍ 38 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടന്ന ഓകെജോകുള്‍ മനോഹരമായ ശുഭ്രദൃശ്യമായിരുന്നു. പതുക്കെ വിസ്തീര്‍ണം കുറഞ്ഞു വന്നു. മഞ്ഞുമലയുടെ പാളികള്‍ ഉരുകിത്തീര്‍ന്നു കൊണ്ടേയിരുന്നു. 1945ല്‍ അഞ്ചു ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങി. 2005നു ശേഷം മഞ്ഞുരുകല്‍ വേഗത്തിലായി. 2014ല്‍ മഞ്ഞുമല എന്ന വിശേഷണം നഷ്ടമായി.
അഞ്ചു വര്‍ഷത്തിനിപ്പുറം, കഴിഞ്ഞ ഞായര്‍, ഐസ്ലന്ഡ് ഔദ്യോഗികമായി ആ പ്രദേശത്ത് ചരമഫലകം സ്ഥാപിച്ചു. ഐസ്ലന്ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്സ്ജോറ്റിറിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സ്നേഹികളും ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര് കാല്‍നടയായി അവിടെ എത്തി. മഞ്ഞുമലയ്ക്ക് വിടചൊല്ലുന്ന ഫലകത്തില്‍ ഓകെ എന്നു മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. മഞ്ഞുമല എന്നര്‍ഥം വരുന്ന ജോകുള്‍ എന്ന വാക്ക് വേദനയോടെ അവര്‍ ഒഴിവാക്കി.
ഇത് എന്റെയും നിന്റെയും ഹൃദയത്തില്‍ എന്നേ കുറിച്ച ചരമഗീതം എന്ന കവിവാക്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ പോലെയായിരുന്നു ആ ചടങ്ങ്. വരും കാലത്തിനുള്ള കത്ത് എന്ന ശീര്‍ഷകത്തിലുള്ള ആ ഫലകം ഉറപ്പിക്കുമ്പോള്‍ പലരും വിതുമ്പുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം പ്രകൃതിയില്‍ വരുത്തുന്ന മാറ്റം എത്ര ഭയാനകമാണ് എന്നതിന്റെ തെളിവുകൂടിയായിരുന്നു ആ ചടങ്ങ്.
ഇത് ഐസ്ലന്ഡിന്റെ വേദന മാത്രമല്ല എന്ന് പ്രധാനമന്ത്രി കാട്രിന്‍ ഓര്‍മിപ്പിച്ചു. മഞ്ഞുപോയ ഈ മഞ്ഞുമലയുടെ ചരിത്രം ലോകത്തിനു പാഠമാവണം. പാരിസ്ഥിതിക വെല്ലുവിളിയുടെ ഒരു മുഖം മാത്രമാണിത്. ഇതിനേക്കാള്‍ ഭീകരമായ ചരമക്കുറിപ്പുകള്‍ എഴുതാതിരിക്കാന്‍ നാം പലതും ചെയ്യേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഓകെജോകുളിന്റെ വേര്‍പാട്, കാട്രിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: