പ്രളയദുരിതത്തില്‍ മുങ്ങിയ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പരാധീനതകളേറെയുണ്ടായിരുന്നെങ്കിലും അതൊന്നും ആരും പുറത്തുപറഞ്ഞതേയില്ല. സിപിഎമ്മിന് ആധിപത്യമുള്ള പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് പരാതികളൊന്നും പുറത്തുവരരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍പോലുമുള്ള സൗകര്യം ഇല്ലാതായപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തോടും സിപിഎം നേതാക്കളോടുമെല്ലാം ദുരിതബാധിതര്‍ പരാതിപ്പെട്ടു. തങ്ങള്‍ക്ക് താല്‍ക്കാലിക കക്കൂസുകളെങ്കിലും തയ്യാറാക്കി തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അത് കേള്‍ക്കാന്‍ അവരാരുമുണ്ടായില്ല. ഒടുവില്‍ സിപിഎം ശക്തികേന്ദ്രത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതമറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകരെത്തിയാണ് താല്‍ക്കാലിക കക്കൂസുകളും വെള്ളത്തിനുള്ള സംവിധാനവും തയ്യാറാക്കിയത്. കക്കൂസുകള്‍ വൃത്തിയാക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍തന്നെ മുന്നിട്ടിറങ്ങി. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ഒരു മതമാണെന്നും അവര്‍ക്കെല്ലാം സഹജീവിയുടെ മുഖമാണെന്നുമുള്ള തിരിച്ചറിവോടെയാണ് ദുരന്തബാധിത പ്രദേശങ്ങളിലെല്ലാം സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. മാറ്റിനിര്‍ത്തപ്പെടേണ്ട അടയാളങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതുനിമിഷവും നിസ്വാര്‍ത്ഥ സേവനത്തിന് തങ്ങള്‍ തയ്യാറാണെന്ന അറിയിക്കല്‍ മാത്രമായിരുന്നു അവരുടെ അടയാളം.
പ്രളയദുരിത മേഖലയില്‍ സേവാഭാരതി നടത്തിവരുന്ന പ്രവര്‍ത്തനം എത്ര ശ്ലാഘിച്ചാലും മതിവരാത്തതാണ്. മണ്ണിനടിയില്‍പ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും സര്‍വ്വതും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്നവര്‍ക്ക് സഹായങ്ങളെത്തിക്കുന്നതിനും സേവാഭാരതി പ്രവര്‍ത്തകരാണ് മുന്നിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സേവാഭാരതി പ്രശംസ നേടി. വീടുനഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കുന്നതുള്‍പ്പെടെയുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സേവാഭാരതി നടത്തിവരുന്നു.
തൃശൂര്‍ ചേലക്കര മണ്ഡലത്തിലെ ദേശമംഗലം പഞ്ചായത്തില്‍ കൊറ്റമ്പത്തൂരില്‍ ഒരു ഗ്രാമംതന്നെ സേവാഭാരതി പുനര്‍നിര്‍മ്മിക്കുന്നു. പ്രളയത്തില്‍ വീടുകളില്ലാതായ, ഇവിടെയുണ്ടായിരുന്ന 17 കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുന്നു. നഷ്ടപ്പെട്ട സ്ഥലത്തിന്റെ തൊട്ടടുത്തുതന്നെ മുഴുവന്‍ കുടുംബങ്ങളേയും അവരുടെ ഇതുവരെയുള്ള ജീവിതത്തിന് ഭംഗം വരാത്ത വിധത്തിലാണ് പുനരധിവസിപ്പിക്കുന്നത്. ഇതിന് 70 സെന്റോളം ഭൂമി വാങ്ങി ഓരോ കുടുംബത്തിനും നാലുസെന്റ് ഭൂമി വീതം കുടുംബനാഥന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ആധാരം കൈമാറിയ ശേഷമാണ് വീടുനിര്‍മ്മിക്കുന്നത്. ഒരു വീടിന് ഏഴുലക്ഷം രൂപയാണ് സേവാഭാരതി നല്‍കുന്നത്. വീടിന്റെ പ്ലാനും മറ്റുകാര്യങ്ങളും വീട്ടുടമസ്ഥരുടെ ഇഷ്ടമനുസരിച്ചാണ് ചെയ്യുന്നതെന്നാണ് പ്രത്യേകത.
പതിനഞ്ച് കോടിയോളമാണ് ഇതിനകം വീടുകള്‍ നിര്‍മ്മിക്കാനും ഭാഗികമായി തകര്‍ന്നവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുമായി പ്രാദേശിക ഘടകങ്ങള്‍ക്ക് സേവാഭാരതി കൈമാറിയത്. സേവാഭാരതി പ്രാദേശിക ഘടകങ്ങളുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അവര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് അന്തിമ അനുമതി നല്‍കിയത്. എല്ലാം കുറ്റമറ്റ രീതിയില്‍, ദുരിത ബാധിതരാണെന്ന പരിഗണനമാത്രം മുന്‍ഗണനയാക്കിക്കൊണ്ടാണ് സഹായം.
ആയിരങ്ങള്‍ തലചായ്ക്കാന്‍ ഇടമില്ലാതെ ഹതാശരായി നില്ക്കുമ്പോള് അവരുടെ മുന്നിലേക്ക് മുന്നോട്ടുള്ള ജീവിതത്തിന്റെ വലിയ പ്രതീക്ഷകളാകുകയാണ് സേവാഭാരതി. സേവനം നിസ്വാര്‍ത്ഥവും പക്ഷപാതരഹിതവുമാകണമെന്ന സന്ദേശം കൂടിയാണിവിടെ സേവാഭാരതി ഉയര്‍ത്തിക്കാട്ടുന്നത്. അടയാളങ്ങളുടെ മുട്ടാപ്പോക്കുപറഞ്ഞ് അകറ്റിനിര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുപോലും ഒടുവില്‍ സേവാഭാരതിയുടെ സഹായം തേടിച്ചെല്ലേണ്ടിവന്നു. സേവാഭാരതി മാത്രമാണ് തങ്ങള്‍ക്ക് ആശ്രയം എന്ന് കണ്ണീരോടെ പലര്‍ക്കും പറയേണ്ടിവന്നു. ഒറ്റ അടയാളമേ ഉള്ളൂ സേവാഭാരതിക്ക്, അത് നിസ്വാര്‍ത്ഥ സേവനമെന്ന വലിയ കൊടിയടയാളമാണ്. സേവനം അഭംഗുരം തുടരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: