തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത തിരുവല്ല പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. നടപടികള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്ദോഗസ്ഥരെയും അതിന് ചുക്കാന്‍പിടിച്ചവരേയും നിയമ നടപടിക്ക് വിധേയമാക്കണമെന്നും പോസ്റ്റിട്ട രഘുവിനെതിരായ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക-സന്നദ്ധ സംഘടനയായ റൈറ്റ്‌സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പോലീസില്‍ സ്വാധീനമുള്ള പ്രദേശത്തെ ഒരു സിപിഎം പ്രവര്‍ത്തകന്റെ വ്യക്തി വൈരാഗ്യമാണ് റൈറ്റ്‌സ് കോര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിന്റെ അറസ്റ്റിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ 11നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തിരുവല്ല പോലീസ് രഘുവിനെ അറസ്റ്റ് ചെയ്തത്. തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്‌സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ എഫ്ബിയിലും വാട്‌സാപ്പിലും വിവരം അറിയിച്ചത്. ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇങ്ങനെ കിട്ടിയ പണവുമായി രഘുവും ഭാര്യയും നാലു മണിയോടെ തിരുമൂലപുരത്തെ ക്യാമ്പിലെത്തി.
ക്യാമ്പിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയായ യുവതിയുടെയും നഗരസഭാ കൗണ്‍സിലര്‍ അജിതയുടെയും സഹായത്തോടെ രഘുവിന്റെ ഭാര്യ ആവശ്യമായ വസ്ത്രങ്ങളുടെ എണ്ണവും അളവും ക്യാമ്പിലുള്ള സ്ത്രീകളില്‍ നിന്നും ശേഖരിച്ചു.
കൈയ്യിലുള്ള പണം തികയില്ലെന്ന് മനസിലായതോടെ അടുത്ത ദിവസം സാധനങ്ങള്‍ വാങ്ങി വരാമെന്ന് ഉറപ്പു നല്‍കി രഘുവും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തി പണം കണ്ടെത്തുന്നതിനായി പലരെയും ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പോലിസ് രഘുവിനെ അറസ്റ്റ് ചെയ്യതത്. ക്യാമ്പിലുള്ള സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാട്ടി നഗരസഭാ കൗണ്‍സിലര്‍ അജിത നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മഹാപ്രളയത്തില്‍ തിരുമൂലപുരത്തെ ക്യാമ്പില്‍ അടക്കം ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരുവല്ല സിഐ ബോധ്യപ്പെടുത്തി.
റൈറ്റ്‌സിന്റെ പ്രവര്‍ത്തകരും സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് രഘുവിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ തന്നെ അറസ്റ്റുചെയ്തതിന് പിന്നില്‍ സ്ഥലത്തെ ഒരു സിപിഎം പ്രവര്‍ത്തകന്റെ കുടിലബുദ്ധിയാണെന്ന് റൈറ്റ്‌സ് ഭാരവാഹികള്‍ പ്രതികരിച്ചു. രഘുവിനെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് റൈറ്റ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വി.ബി. അജയകുമാര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















