ദേശീയ കായികരംഗത്ത് കേരളത്തിന് എക്കാലത്തും ഒരു മുന്‍കൈ ഉണ്ടായിരുന്നു. അത്ലറ്റിക്സിലും ഫുട്ബോളിലും ഏറെ മുന്നിലുമായിരുന്നു. ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി കിരീടം നേടീയിരുന്നതും കേരളമായിരുന്നു. ഇടക്കാലത്ത് ബീഹാറും മണിപ്പൂരുമൊക്കെ പിന്നിലാക്കി മുന്നേറിയെങ്കിലും കേരളം ഏറെ പുറകോട്ടുപോയില്ല. കേരളത്തിന്റെ ആ കായിക മികവിന് അടിവരയിടുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ കായിക ബഹുമതി അര്‍ഹരുടെ പട്ടിക. കായിക രംഗത്തെ മികവിനുള്ള അര്‍ജ്ജുന അവാര്‍ഡ്, പരിശീലന മികവിനുള്ള ദ്രോണാചാര്യ പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം എന്നിവയ്ക്കെല്ലാം മലയാളികളും അര്‍ഹരായി. ഇതു സംബന്ധിച്ചുള്ള ഉന്നതതല വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പേരുകളില്‍ മലയാളികളുമുണ്ട്. കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ച് 29ന് ദേശീയ കായിക ദിനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഏറെനാളുകള്‍ക്ക് ശേഷമാണ് മൂന്ന് പ്രധാന പുരസ്കാരങ്ങള്‍ക്കും മലയാളികള്‍ ഒരേസമയം അര്‍ഹരാകുന്നത്.
സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹനാകുന്ന മലയാളി ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറിക് ആണ്. ഒളിമ്പിക്സ് മെഡല്‍ നേടിയ ഏക മലയാളിയായ മാന്വലിന് വൈകിക്കിട്ടുന്ന അംഗീകാരമാണിത്. 1972 മ്യൂണിക് ഒളിമ്പിക്സില്‍ പോളണ്ടിനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഭാരതം വെങ്കല മെഡല്‍ നേടുമ്പോള്‍ ഗോള്‍ക്കീപ്പര്‍ ആയിരുന്നു മാന്വല്‍. 17 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളിയെന്ന ബഹുമതിയുള്ള ഈ കണ്ണൂര്കാരന് ഏഴുവര്‍ഷം ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. രണ്ട് ലോകകപ്പില്‍ ഗോള്‍മുഖം കാത്തു. മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടീമിലെ മറ്റു കളിക്കാര്‍ക്കൊക്കെ അര്‍ജ്ജുന അവാര്‍ഡോ പത്മശ്രീയോ നല്കി ആദരിച്ചെങ്കിലും ഫെഡറിക്കിന് ഒരു അംഗീകാരവും ലഭിച്ചിരുന്നില്ല. അതിന് അന്ത്യംകുറിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത് യു. വിമല്‍കുമാറാണ്. രണ്ട് തവണ ദേശീയ ബാഡ്മിന്റണ്‍ താരവും ബാഴ്സിലോണിയ ഒളിമ്പിക്സില്‍ ഭാരതത്തെ പ്രതിനിധീകരിക്കുകയും ചെയ്തതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കുടമയാണ് ഈ തിരുവനന്തപുരംകാരന്. മത്സരരംഗത്തുനിന്നും പിന്മാറിയശേഷം പദുക്കോണ്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഡയറക്ടറും പരിശീലകനുമായി തുടരുകയായിരുന്നു. സൈന നെഹ്വാള് ഉള്‍പ്പെടെ പ്രമുഖ താരങ്ങളുടെ പരിശീലകനായി ബാഡ്മിന്റണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് പുരസ്കാരം നല്‍കുക.
അര്‍ജ്ജുന അവാര്‍ഡിന് പരിഗണിച്ചിരിക്കുന്ന 19 താരങ്ങളില്‍ മലയാളിയായി അത്ലറ്റ് വൈ. മുഹമ്മദ് അനസാണ് ഉള്ളത്. ഹ്രസ്വദൂര ഓട്ടക്കാരനായ മുഹമ്മദ് അനസ് 2016ലെ റിയോ ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഓട്ടത്തിലും 4ഃ400 മീറ്റര്‍ റിലേ ടീമിലും അംഗമായിരുന്നു. പോളണ്ടില്‍ നടന്ന പോളിഷ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ അനസ് 400മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് അനസ്. ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ടീമില്‍ അംഗമായിരുന്നു. ഈ പ്രകടനം ലോക റാങ്കിങ്ങില്‍ റിലെ ടീമിന് 13-ാം സ്ഥാനത്തെത്താന്‍ സഹായകരമായി.
ദേശീയ കായിക പുരസ്കാരങ്ങള്‍ക്ക് മാനദണ്ഡം കഴിവുമാത്രമെന്ന് അടിവരയിടുന്നതായി ശുപാര്‍ശ ചെയ്യപ്പെട്ട പേരുകള്‍. ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ നിഷ്പക്ഷതയുടെ തെളിവുകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: