തിരുവനന്തപുരം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയില്‍ പിഎസ് സി ചോദിച്ച 100ല്‍ 80ചോദ്യവും യൂണിവേഴ്‌സല്‍ പബ്ലിക്കേഷന്‍ ഗൈഡില്‍നിന്ന്. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ തെളിവുസഹിതം പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിച്ച് നിയമനവുമായി മുന്നോട്ട് പോകുകയാണ് പിഎസ്‌സി ചെയ്തത്.
പരീക്ഷയെഴുതിയ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഗൈഡില്‍ നിന്നാണ് ചോദ്യങ്ങള്‍ വരികയെന്ന സൂചന നേരത്തെ കിട്ടിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരു ഗൈഡില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ ചോദിച്ച സംഭവം മുമ്പുണ്ടായപ്പോള്‍ പരീക്ഷ റദ്ദാക്കിയ പിഎസ്‌സി ഇത്തവണ പക്ഷേ പരാതി കണ്ടില്ലെന്ന് നടിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിനായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുളള പിഎസ്‌സി പരീക്ഷ. 100 ചോദ്യങ്ങളടങ്ങിയ ചോദ്യക്കടലാസിലെ 80 എണ്ണവും വന്നതാകട്ടെ യൂണിവേഴ്‌സല്‍ പബ്ലിക്കേഷന്‍സിന്റെ പഠനസഹായിയില്‍നിന്നും.ഗൈഡില്‍ നിന്നുളള ചോദ്യങ്ങളില്‍ പേരിനു പോലും ഒരു മാറ്റം വരുത്താതെയാണ് പിഎസ്‌സി ചോദ്യക്കടലാസിലേക്ക് പകര്‍ത്തിയിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷാ ക്രമക്കേടാരോപിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലടക്കം ഉദ്യോഗാര്‍ഥികളുടെ പരാതി നിലനില്‍ക്കുമ്പോള്‍ തന്നെ നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്‍.
















