തായമ്പകലോകത്ത് താരശോഭയാല്‍നിറഞ്ഞ വന്‍നിരയെ അഭ്രപാളിയിലേക്ക് സംക്രമിപ്പിച്ച് ഒരുസംരംഭം. അതാണ് ‘ഒരു ദേശവിശേഷം’ എന്ന സിനിമ. കലാകാരന്മാരുടെ ദൗര്‍ബല്യമായ അപഥസഞ്ചാരത്തിനെ തുറന്നുകാണിക്കുകയും അവരെ നേര്‍രേഖയിലേക്ക് നയിക്കുകയും ചെയ്യുന്ന അഭ്രകാവ്യം ഡോ.സത്യനാരായണന് ഉണ്ണി സംവിധാനംചെയ്യുന്നു. ആനയും ആളുംനിറഞ്ഞ വള്ളുവനാട്ടിലെ ഉത്സവപ്പറമ്പിനെ തന്മയത്വത്തോടെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. വീരരാഘവപ്പൊതുവാളെ കേന്ദ്രമാക്കി തൃത്തായമ്പക ഉത്സവപ്പറമ്പില്‍ പൊടിപാറുമ്പോള്‍ മനസ്സിനെ തിരിക്കുന്ന ശക്തികള്‍ ആസ്വാദകരായി വന്നുചേരുന്നു. തായമ്പക ശൃംഗാരവും രൗദ്രവുമായി മാറുന്നത് രംഗഭാഷ്യം.
കലാകാരന്റെ മനസ്സില്‍ വന്നുചേരുന്ന കാമുകിയും ലഹരിയും മേമ്പൊടിയായി സൗഹൃദവൃന്ദവും പൊതുവാളെന്ന തായമ്പകക്കാരനെ വഴിതെറ്റിക്കുന്നു. അത്അയാളുടെ കുടുംബത്തിനെയും ഉലയ്ക്കുന്നു. കലയുമായി ബന്ധമില്ലാത്തവര്‍ മാധ്യമക്കാരായി വീട്ടില്‍വന്നുചേരുമ്പോള്‍ അവരുടെ അജ്ഞതയെ പുച്ഛിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഇതിനെ വ്യക്തമായി വിപണനം ചെയ്യാന്‍ അറിയുന്ന ഇരിക്കൂര്‍ മാധവന്‍കുട്ടി മാരാര്‍ മീഡിയക്കാര്‍ക്ക് വേണ്ടത് പകര്‍ന്നുനല്‍കുന്നു. ശിഷ്യനെ പഠിപ്പിക്കുമ്പോള്‍ ടിവിയില്‍ ഈ രംഗം സംപ്രേഷണംചെയ്യുകയാണ്. പൊതുവാളുടെ മകന് ചെണ്ടയുടെ ശബ്ദത്തിനെക്കാളും ഉറക്കെ ടിവിയുെട ശബ്ദം ഉയര്‍ത്തുന്നു. ഇതെല്ലാം അച്ഛന് സഹിക്കാതെ ചെണ്ടക്കോലുകൊണ്ട് മകന്റെ കൈതല്ലിയൊടിക്കുകയാണ്. പൊതുവാളിന്റ സന്തതസഹചാരിയായ വാസുവൈദ്യര്‍ ചികിത്സിച്ചുഭേദമാക്കുകയും തന്റെ ശിഷ്യനാക്കി സാധകം ചെയ്യിച്ച് പരിക്ക് ഭേദമാക്കുകയും ചെയ്യുന്നു.
പൊതുവാളിന്റെ സുഹൃത്തിനെ സഹായിക്കുവാന്‍ കൊല്‍ക്കത്താനഗരത്തില്‍ തായമ്പകയുമായി അരങ്ങില്‍ എത്തുന്നു. അവിടെ ആ ക്ലബ്ബിന്റെ അത്താഴവിരുന്നില്‍ മദ്യമാണ് ഒഴുകുന്നത്. അവര്‍ക്കെന്തുചെണ്ട, തായമ്പക. സംഘാടകരുടെ നിര്‍ദ്ദേശത്താല്‍ അനവസരത്തില്‍ തായമ്പക നിര്‍ത്തിക്കുന്നു. അതിന്റെ വാശിയാല്‍ തന്റെ മുറിക്കകത്തുവച്ച് തായമ്പകകൊട്ടി തന്റെ മനസ്സിനെ തണുപ്പിക്കുന്നു. ആ സമയത്താണ് തന്റെ ഗുരു അന്തരിച്ച വാര്‍ത്ത അറിയുന്നത്. അന്ത്യകര്‍മ്മം താന്‍ നിര്‍വഹിക്കാമെന്ന് വാക്കുകൊടുത്തിരുന്നതാണ്. മാധവന്‍കുട്ടിമാരാര്‍ ആണ് ചിതയ്ക്ക് അഗ്നിപകരുന്നത്. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ഇതുമായി ബന്ധമില്ലാത്തവര്‍ അഴിഞ്ഞാടുന്നത് കാണേണ്ടിവന്നു.
മനസ്സന്തോഷത്തിന് ചെല്ലുന്നിടമായ കാമുകിയുടെ വാതിലും കൊട്ടിയടയ്ക്കപ്പെടുന്നു. വാസു വൈദ്യരുടെ അടുത്ത് മദ്യം മോഹിച്ച് ചെല്ലുമ്പോള്‍ അതുംലഭിക്കുന്നില്ല. തന്റെ തട്ടകത്തിലെ ഉത്സവത്തിന് വരുത്തന്മാരും സംബന്ധക്കാരും നിറഞ്ഞ കമ്മിറ്റിക്കാര് പൊതുവാളെ അകറ്റിയതില്‍ പ്രതിഷേധിക്കുന്നു. ശിഷ്യന്മാര്ക്കൊപ്പം കൊട്ടുവാന്‍ കാത്തുനിന്ന മാധവന്‍കുട്ടിമാരാരെ വാസുവൈദ്യര്‍ വെല്ലുവിളിക്കുന്നു. എന്റെ ശിഷ്യനൊപ്പം തന്റെ ശിഷ്യര്‍കൊട്ടട്ടേ. രാഘവപ്പൊതുവാളുടെ മകനുമായി തായമ്പക അവതരിപ്പിക്കുമ്പോള്‍ പൊതുവാളുടെവീട്ടില്‍ ഭാര്യയെ സാക്ഷിയാക്കി രാഘവപ്പൊതുവാള്‍ തായമ്പകകൊട്ടി മനസ്സിനെ പാകപ്പെടുത്തുന്നു. പിന്നെ പൂരപ്പറമ്പില്‍വച്ച് തായമ്പക പഠിച്ച മറ്റൊരു സമുദായക്കാരനായ വാസുവൈദ്യരുമായി പൊതുവാള് തായമ്പക അവതരിപ്പിക്കുന്നു. ജാതിയും മതവുമല്ല കല എന്ന സന്ദേശവുമായി സിനിമ കൊടിയിറങ്ങുകയാണ്.
അഭിനയിക്കാന്‍ അറിയാവുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അവരുമായി ഒരുസിനിമ എന്നതാണ് ഈ സിനിമയുടെ വിജയം. പോരൂര്‍ ഉണ്ണികൃഷ്ണന്, കല്‍പ്പാത്തി ബാലകൃഷ്ണന്, സദനം വാസുദേവന്‍, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്, കുറ്റിപ്പുറം ദിലീപ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, പനാവൂര്‍ ശ്രീഹരി, ശ്രീല നല്ലേടം അങ്ങനെ പോകുന്നു താരനിര.
താരങ്ങള്‍ വാദ്യവിദഗ്ധര്‍ എന്നത് ഈ ചിത്രത്തെ മനോഹരമാക്കുന്നു. അഭിനയമുഹൂര്‍ത്തങ്ങള്‍ വിരിയിക്കുന്ന ഈ ചലച്ചിത്രം ഒരു വേറിട്ട കാഴ്ചയാണ്. പോരായ്മകള്‍ കുറവായി കാണേണ്ടതില്ല. കലാകാരന്മാര് അപചയപ്പെടുന്നത് സ്വാഭാവികമാണ്. അവര്‍ കാഴ്ചവയ്ക്കുന്ന പ്രകടനത്തെയാണ് നാം സ്നേഹിക്കേണ്ടത്. സത്യമായ കൊട്ടുവഴികളിലൂടെ ആസ്വാദകര്‍ കടന്നുപോകുന്നത് മനസ്സറിയാതെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: