ലൊട്ടുലൊടുക്ക് കത്തിക്കുത്തുകളും നാട്ടുകാര്‍ക്ക് പിടിയില്ലാത്ത ആഗോള ദുരന്തങ്ങളും പറഞ്ഞ് പറഞ്ഞ് മടുത്തപ്പോഴാണ് പ്രളയം പാര്‍ട്ടിക്ക് കച്ചിത്തുരുമ്പാവുന്നത്. മുമ്പൊക്കെ സിറിയ മുതല്‍ ഒറീസ വരെയുള്ള ദുരന്തങ്ങളുടെ കഥ പറയണമായിരുന്നു പണം പിടുങ്ങാന്‍. ഇതിപ്പോള്‍ കണ്‍മുന്നിലായല്ലോ…. ആളുകള്‍ക്ക് പെട്ടന്ന് ബോധ്യപ്പെടും. വലിയ ചെലവില്ലാതെ ചെലവും കഴിയും. 2018ല്‍ നാടൊട്ടുക്ക് വെള്ളം പൊങ്ങിയപ്പോള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും മൊത്തം വെമ്പല്‍ പിരിക്കാനായിരുന്നു. ഗള്‍ഫില്‍ പോണം, അമേരിക്കയില്‍ പോണം….. ആവശ്യങ്ങള്‍ നിരവധി. മറ്റ് രാജ്യങ്ങളില്‍ പോയി കൈനീട്ടരുതെന്ന് നാട്ടുകാരും കേന്ദ്രസര്‍ക്കാരും താക്കീത് നല്കിയപ്പോള് പഴി പറച്ചിലായി. അതിനിടയില്‍ യുഎഇയില്‍ നിന്ന് പണം വരുമെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുകൂവി. അത് സ്വപ്നമായിരുന്നുവെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനും പ്രധാനമന്ത്രിയെ പഴി പറഞ്ഞ് ബാലകൃഷ്ണന് സഖാവും കൂട്ടരും കളം നിറഞ്ഞു.
ദുരന്തമെന്തായാലും ദുരിതാശ്വാസനിധിയിലാണ് പാര്‍ട്ടിക്ക് കണ്ണ്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് മെമ്പര്‍മാരും കൊടിവെച്ചും അല്ലാതെയും പറന്നുനടക്കുന്ന കേരളത്തില്‍ അകത്തുനിന്നും പുറത്തുനിന്നും വന്ന കോടികള്‍ ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ എത്ര സമയം വേണമെന്ന ധര്മ്മജന് ബോള്‍ഗാട്ടിയുടെ ചോദ്യം ബാലേഷ്ണനും പാര്‍ട്ടിയും കേട്ട മട്ട് കാട്ടിയിട്ടില്ല. അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചവരാണ് മലയാളികള്‍ എന്ന് അറിയാന്‍ ആ ചോദ്യം ഒന്നുകൂടി കേട്ടാല്‍ മതി. എന്നാല്‍ ആര് പരിഹസിച്ചാലും പണത്തിന് മീതെ ചെങ്കൊടി പറക്കില്ലെന്ന് ഇന്ന് മലയാളിക്കറിയാം. അതുകൊണ്ടാണ് സാന്റിയാഗോ മാര്‍ട്ടിനും ഫാരീസ് അബൂബക്കറും ചാക്ക് എന്ന് വിളിക്കപ്പെടുന്ന രാധാകൃഷ്ണനുമൊക്കെ മാര്‍ക്സിനും ഏംഗല്‍സിനും ലെനിനുമൊപ്പം ബാലേഷ്ണനും പാര്‍ട്ടിക്കും ആരാധ്യരായത്.
എന്തായാലും ആണ്ടോടാണ്ട് വെള്ളപ്പൊക്കം വരുന്നത് പ്രമാണിച്ച് ചുമന്ന ബക്കറ്റുകള്‍ക്ക് വില കുറയ്ക്കാന്‍ ഐസക്ക് മന്ത്രിക്ക് ഇണ്ടാസ് കൊടുക്കണം. കഴിഞ്ഞ തവണ പ്രളയദുരിതാശ്വാസത്തിനായി ഒഴുകിവന്ന പണത്തില്‍ പകുതിയും സ്വകാര്യബാങ്കുകളിള്‍ ഫിക്സഡ് ഡിപ്പോസിറ്റാക്കിയ കാഞ്ഞ ബുദ്ധിയാണ് ഐസക്കിന്. പാവങ്ങള്‍ക്ക് വീടായും തൊഴിലായും അന്നമായും എത്തേണ്ടിയിരുന്ന 2324 കോടിയാണ് ബാങ്കില്‍ത്തള്ളിയത്. അന്ന് കൊടുക്കാമെന്ന് പറഞ്ഞ പതിനായിരം ഇനിയും കിട്ടാത്തവരുണ്ട്. ഇപ്പോള്‍ വീണ്ടും പതിനായിരം കൊടുക്കുമെന്ന് ഐസക്ക് മന്ത്രി പറയുന്നു. അപ്പോള്‍ അന്ന് കിട്ടാത്തവര്‍ക്ക് ഇപ്പോഴത്തേതും കൂട്ടി ഇരുപതിനായിരം കിട്ടണം. കിട്ടണമെങ്കില്‍ പണം വേണം.
പണം എന്തിനൊക്കെ കൊടുക്കണമെന്നാണ് പാവം പിണറായിക്ക് അറിയാത്തത്. തോറ്റ എംപി സമ്പത്തിന് സമ്പത്തുണ്ടാക്കാന്‍ പണം വേണം. ഒരു വേലയുമില്ലാതിരുന്ന വേലായുധന്‍നായര്‍ക്ക് വേല കൊടുക്കണം. ചുറ്റിനും നിരന്നിരിക്കുന്ന ഉപദേശികള്‍ക്ക് ചെലവിന് ലക്ഷങ്ങള്‍ നല്‍കണം. ബ്രിട്ടാസ് പ്രോംപ്റ്റര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ക്ക് വേറെയും ചെലവുണ്ട്. ഇതെല്ലാമുണ്ടായിട്ടും കേന്ദ്രമന്ത്രി വിളിച്ചപ്പോള്‍ ഹിന്ദി അറിയാത്തതിന്റെ നാണക്കേട് വേറെ. ഇനി ഹിന്ദി പഠിക്കാന്‍ ഒരു ട്യൂട്ടറെ വെക്കണം. സ്പോക്കണ് ഇംഗ്ലീഷിന് വേറെയും സാറിനെ നിയമിക്കണം. എല്ലാം കൂടി സാധിച്ചെടുക്കണമെങ്കില്‍ ദുരിതാശ്വാസനിധി ഇതൊന്നും പോരാതെ വരും.
ദുരിതമില്ലെങ്കിലെന്ത് ദുരിതാശ്വാസം… ഇതെല്ലാം ഒരുമിച്ച് നോക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടിക്ക് ഒരു സെക്രട്ടറിയുമേ ഉള്ളൂ. അറിയാവുന്ന ഏക പണി വിരട്ടലും വിലപേശലും തൊട്ടിപ്പിരിവുമാണ്. അത് കേമമായി നടത്തണം. പിന്നെ ബക്കറ്റ് ഒരു പ്രത്യയശാസ്ത്ര ഐക്കണാണല്ലോ കേരളത്തിലെ പാര്‍ട്ടിക്ക്. പണ്ട് കടലില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് അതില്‍ തിരയുണ്ടോന്ന് നോക്കിയ ഒരാള്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഭരണപരിഷ്കാരം നടത്തി തലസ്ഥാനത്ത് ഇരിപ്പുണ്ട്. അമ്മാതിരി എല്ലാ ദുരിതങ്ങള്‍ക്കും ആശ്വാസമേകാന്‍ ബക്കറ്റല്ലാതെ വേറെന്ത് വഴി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: