മലപ്പുറം: വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. പതിനൊന്നാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവുകളാണ് ഫൗണ്ടേഷന്‍ ഏറ്റെടുതത്.
ഫൗണ്ടേഷന്‍ ഡയറക്ടര്‍ മേജര്‍ രവി അബ്ദുള്‍ റസാഖിന്റെ വീട്ടിലെത്തി സഹായം അറിയിക്കുകയും അടിയന്തര സാമ്പത്തിക സഹായം എന്ന നിലയ്‌ക്ക് ഒരു ലക്ഷം രൂപയും കുടുംബത്തിന് നല്‍ക്കി. രണ്ട് കുട്ടികളേയും മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ആഗസ്റ്റ് 13നായിരുന്നു തിരൂര്‍ സൗത്ത് പല്ലാറിലാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്‍, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാര്‍ റസാഖിനെ തിരൂര്‍ മിഷന്‍ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുകയായിരുന്നു. മഴക്കെടുതിയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് മരിച്ച സേവഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് വീടു വെച്ചു നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു.
















