കോഴിക്കോട് : വൈദിക സംസ്‌കൃതിയുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ശ്രാവണി ഉപാകര്‍മം കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പാരമ്പര്യപ്രൗഢിയോടെ ആഘോഷിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പൂണുനൂല്‍ മാറ്റിധരിച്ച ചടങ്ങിന് കാശ്യപാശ്രമത്തിന്റെ കക്കോടിയിലുള്ള വേദമഹാമന്ദിരം വേദിയായി.
ആചാര്യശ്രീ രാജേഷ് നേതൃത്വം നല്‍കിയ ചടങ്ങില്‍ ഋഗ്വേദത്തിലെ ജ്ഞാനസൂക്താദികളും മറ്റു നിരവധി ഋക്കുകളും പ്രയോഗിച്ച വിശിഷ്ട ഉപാകര്‍മയജ്ഞത്തിന് വിദ്വാന്‍ ഉദയ് ഭട്ട് കാര്‍മികത്വം വഹിച്ചു. ചതുര്‍വേദങ്ങളിലെ ശാന്തിമന്ത്രങ്ങളുടെ പാരായണം, ചതുര്‍വേദതര്‍പ്പണം എന്നിവയും ചടങ്ങിന്റെ ഭാഗമായിരുന്നു. നൂറുകണക്കിന് പേര്‍ ജാതിലിംഗഭേദമന്യേ ഒത്തുചേര്‍ന്ന് പഴയ പൂണൂല്‍ മാറ്റി പുതിയത് ധരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഉപനയന സംസ്‌കാരക്രിയയും നടന്നു. നന്ദകിഷോര്‍ ആര്യയെയാണ് ആചാര്യശ്രീ രാജേഷ് വിധിയാംവണ്ണം ഉപനയിച്ചത്.
















