പണ്ടേയ്ക്കുപണ്ടേ നമ്മുടെ ഭാരതവര്‍ഷത്തില്‍ സമ്പുഷ്ടമായ നാഗരികതയും സമാരാധ്യമായ സംസ്ക്കാരവും നിലനിന്നിരുന്നുവെന്നതിന് രാമായണ ഭാരതേതിഹാസങ്ങള്‍ തന്നെ തെളിവ്. ഈ സംസ്കൃതി ആധ്യാത്മികമാണ്. ദ്വാപരത്രേതായുഗങ്ങളുടെ പ്രകൃഷ്ട സംഭാവനകളാണ് കൃഷ്ണഭക്തിയും രാമഭക്തിയും. രണ്ടുമൊന്നായാല് വൈഷ്ണവം. ശൈവഭാവവും ദേവീഭാവവും ചൈതന്യവത്തായി ഉണ്ടുതാനും. കൃഷ്ണക്ഷേത്രങ്ങളും രാമക്ഷേത്രങ്ങളുമായി കേവലഭക്തി ശാശ്വതീകരിക്കപ്പെടുകയായി. ശ്രീകൃഷ്ണനും ശ്രീരാമനും കുളിര്‍ചന്ദനവും സുഗന്ധഭസ്മവുമായി ഭക്തഹൃദയങ്ങളില്‍ കുറിചാര്ത്തുന്നു. തൃഷ്ണകൂടിയാല് കൃഷ്ണന് പോകും. കാമമേറിയാല് രാമനും. രണ്ടും സംഭവിക്കാതെയിരിക്കാന്‍ ജാഗ്രതപുലര്ത്തുകയെന്നതാണ് ഭക്തന്റെ കടമ.
നാമസ്മരണമാണ് വിവരവ്യവസായ യുഗത്തിന്റെ വിലോഭനീയതകളിലും വിസ്മയങ്ങളിലും വിഹ്വലതകളിലും മനസ്സെന്ന ഭാരമിറക്കി വെയ്ക്കുവാന്‍ പറ്റിയ സാധന. ഭാഗവതധര്മത്തെ കാലാതിവര്ത്തിയാക്കേണ്ടുന്ന കടമ ഇവിടെ ഓരോ ഭക്തനുമുണ്ട്. ആചാരപരമായ കര്‍മവും ആരാധനാപരമായ ഭക്തിയും ആലോചനാപരമായ ജ്ഞാനവും ഏകത്ര സമുച്ചയിക്കപ്പെടണം. ഹൈന്ദവാരാധനാലയങ്ങളിലെ മതപാഠശാലകള്‍ ഈ കൃത്യം ഏറ്റെടുക്കേണ്ടതുണ്ട്.
ഇവിടെയാണ് മതഗ്രന്ഥപാരായണത്തിന്റെ അനിവാര്യത. രാമകഥ സുലളിതവും സുഘടിതവുമായി തുഞ്ചത്താചാര്യന്റെ ശാരിക നമുക്ക് പാടിത്തന്നിരിക്കുന്നു. ഒരു കര്‍ക്കടക മാസത്തിന്റെ ധന്യോപലബ്ധി മാത്രമായി രാമനാമ സ്മരണ പരിമിതപ്പെടരുത്. ‘രാമോ വിഗ്രഹവാന്‍ ധര്‍മഃ’
ധര്‍മം ഉടല്‍പൂണ്ട ഈ വിഗ്രഹം ഉടയരുത്. ഉടയ്ക്കാന്‍ ആരെയും അനുവദിക്കയുമരുത്. ഉദാത്താനുദാത്ത സ്വരിതങ്ങളാല് രാമനാമം വീട്ടിലും നാട്ടിലും മുഖരിതമാക്കുക. രാമപാദം ചേരുവാന്‍ പ്രാര്‍ഥനാനിരതരാവുകയും വേണം.
വാല്മീകിയുടെ രാമായണ കാവ്യം യുദ്ധകാണ്ഡത്തില്‍ അവസാനിക്കുന്നു. ഉത്തരരാമായണം വാല്മീകി വിരചിതമല്ല. പ്രക്ഷിപ്തമാണ്. യുദ്ധകാണ്ഡാവസാനത്തില് മംഗളവും ഫലശ്രുതിയും ഇതിഹാസകാരന് രേഖപ്പെടുത്തിയിരിക്കുന്നുവെന്നതു തന്നെ ഇതിനുള്ള മികച്ച തെളിവ്. രാമകഥയെ ട്രാജഡിയാക്കാന് മാത്രമേ ഉത്തര കാണ്ഡം ഉപകരിക്കൂ. ഭാരതീയന്റെ രസവാസനകള്ക്ക് അന്യമാണ് ദുരന്തകഥാഖ്യാനം.
അധ്യാത്മരാമായണ പാരായണത്തിന്റെ ഫലശ്രുതി തുഞ്ചത്താചാര്യന്റെ വാക്കുകളിലിങ്ങനെ:
‘അധ്യാത്മരാമായണമിദ-
മെത്രയുമത്യുത്തമോത്തമം
മൃത്യുഞ്ജയ പ്രോക്തം
അധ്യയനം ചെയ്കില്‍-
മര്ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിക്കുമ-
തിനില്ല സംശയം
ദീര്ഘായുരര്ഥപ്രദം-
പവിത്രം പരം
സൗഖ്യപ്രദം സകലാ-
ഭീഷ്ട സാധകം
അര്ഥാഭിലാഷി-
ലഭിക്കും മഹാധനം
പുത്രാഭിലാഷി സു-
പുത്രനേയും തഥാ
ദുഃഖിതന് കേള്‍ക്കില്‍-
സുഖിയായ് വരുമവന്‍
ഭീതനിതു കേള്‍ക്കില്‍-
നിര്‍ഭയനായ് വരും
വന്ധ്യയ്ക്ക് സന്തതി. ആധിവ്യാധികളകലും. ബന്ധന് മുക്തനാകും.
ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ മകന് അമ്മയ്ക്കെഴുതി. അമ്മേ, അമ്മയ്ക്കെന്താണു വേണ്ടത്? ഞാന്‍ വാങ്ങിക്കൊണ്ടു വരാം. അമ്മ മറുപടി എഴുതി. നിന്റെ മകന് എന്റെ രാമായണം കീറിനശിപ്പിച്ചു കളഞ്ഞു. ഒരെണ്ണം വാങ്ങിത്തരണം. എന്‍. വി. കൃഷ്ണവാരിയര്‍ കവിത അവസാനിപ്പിക്കുന്നതിങ്ങനെ: ‘…മണലാരണ്യത്തിലെവിടെ തിരയേണ്ടൂ ഞാന്‍ തുഞ്ചത്താചാര്യനെ!’
. . . . . . . . .
ബ്രഹ്മസ്വരൂപനാത്മാ-
രാമനീശ്വരന്
ബ്രഹ്മനാശാദികളില്ലാത്ത-
മംഗലന്‍
നിര്മലന് നിഷ്കളങ്കന്-
നിര്ഗുണനവ്യയന്
ചിന്മയന് സത്യസ്വരൂപന്-
സനാതനന്
പ്രസീദ പ്രസീദ പ്രഭോ-
രാമചന്ദ്ര!
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: