തൃശൂര്‍: മഴയ്‌ക്ക് നേരിയ ശമനമായിട്ടും വെള്ളക്കെട്ടൊഴിയാതെ തീരദേശമേഖല. കനോലി കനാലിലെ നീരൊഴുക്കിന് ഗതിവേഗം വരാതായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും വിവിധ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നത്.
നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് ഭീഷണി തുടരുന്നത്. ഇടവിട്ടു പെയ്യുന്ന മഴമൂലം കനോലികനാലിലെ ജലനിരപ്പ് അതേപടിയാണ് നിലനില്‍ക്കുന്നത്. ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകി പോകുന്നില്ല. ഇതുമൂലം തീരമേഖലയില്‍ നിരവധി വീടുകളെ വെള്ളക്കെട്ടിലാക്കി.
നാട്ടിക പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിരവധി വീടുകളാണ് മേഖലയില്‍ കനത്ത വെള്ളക്കെട്ടിലായത്. ഏങ്ങണ്ടിയൂര്‍ ബിഎല്‍എസ് റോഡിന് കിഴക്ക് വാടാനപ്പള്ളി നാടുവില്‍ക്കര, തളിക്കുളം, വലപ്പാട് കുരീത്തറ ഉള്‍പ്പെട്ട മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. നാട്ടികയില്‍ ശ്രീരാമ പോളിടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ 265 കുടുംബങ്ങളില്‍ നിന്നായി 675 പേര്‍ കഴിയുന്നുണ്ട്.
തളിക്കുളം ഗവ.ഹൈസ്‌കൂളിലെ ക്യാമ്പില്‍ 1200ഓളം പേരാണുള്ളത്. വലപ്പാട് ഭാഗത്തുള്ള മൂന്നു ക്യാമ്പുകളില്‍ നിന്ന് കുറച്ചു കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി. വാടാനപ്പള്ളിയിലെ നാലു ക്യാമ്പുകളും തുടരുകയാണ്.
ഫിഷറീസ് കൊട്ടാക്കടപ്പുറം സ്‌കൂളിലെ ക്യാമ്പില്‍ 17 പേരും മറ്റ് ക്യാമ്പുകളിലായി ഏതാനും കുടുംബങ്ങളും താമസിക്കുന്നുണ്ട്. ദേശീയപാതയിലേയും ഇടറോഡുകളിലെയും വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും വീടുകള്‍ക്ക് ചുറ്റുമുള്ള വെള്ളക്കെട്ട് പ്രധാന തടസമായി തുടരുകയാണ്.
















