തിരുവനന്തപുരം : കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ ഇനി തുടര്‍ക്കഥയാകാന്‍ സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തിനിടെ സംസ്ഥനത്തു ചെറുതും വലുതുമായ 5000 ഉരുള്‍പൊട്ടലുകളാണ് സംസ്ഥാനത്തുണ്ടായത്. 21.3 ശതമാനം മേഖലയിലും ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതാണ്. അതില്‍ 5,607 ചതുരശ്ര കിമീ ഭൂപ്രദേശത്തില്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംസ്ഥാനത്തിന് പ്രകൃതിദത്തമായി ലഭിച്ച കാലാവസ്ഥയ്‌ക്കും മണ്ണിനും മരങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതാണ് ഈ പ്രകൃതിക്ഷോഭങ്ങള്‍ക്കുള്ള മുഖ്യ കാരണം. ഉരുള്‍പൊട്ടലിന് ആക്കംകൂട്ടുന്ന സോയില്‍ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) കഴിഞ്ഞ പ്രളയത്തോടെ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.
അതിനാല്‍ ഒന്നോ രണ്ടോ ദിവസത്തെ മഴ പോലും വലിയ ഉരുള്‍പൊട്ടലിന് കാരണമായേക്കാം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 14 താലൂക്കുകളാണ് സോയില്‍ പൈപ്പിങ് ഭീഷണിയുള്ള പ്രദേശങ്ങള്‍.
അതേസമയം മണ്‍സൂണിന്റെ ഒന്നാം പാദത്തില്‍ ഇക്കൊല്ലം പൊതുവേ മഴ കുറവാണ് അനുഭവപ്പെട്ടത്. ഇത്തവണ അത് വന്‍ ദുരന്തമാണ് ഒഴിവാക്കിയതെന്നും ജിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജൂണ്‍, ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ മഴ ഇത്തവണ വളരെ കുറച്ചാണ് ലഭിച്ചത്. ഭൂഗര്‍ഭ ജലനിരപ്പും കുത്തനെ താണു. അതുകൊണ്ടാണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദുരന്തങ്ങള്‍ കുറഞ്ഞത്. ശരാശരി മഴ ലഭിച്ച കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരന്തം വര്‍ധിച്ചു.
നെടുമങ്ങാട്, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, തൊടുപുഴ, ഉടുമ്പന്‍ചോല, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, ഏറനാട്, തളിപ്പറമ്പ് എന്നിവയാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുള്ള താലൂക്കുകള്‍. മറ്റ് 25 താലൂക്കുകളില്‍ ചെറുത്, ഇടത്തരം ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കാനിടയുണ്ട്.
കേരളത്തിലെ 590 കിലോമീറ്റര്‍ നീളമുള്ള കടലോര മേഖലയില്‍ 215.5 കിലോമീറ്റര്‍ മേഖലയിലും രൂക്ഷമായ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സംസ്ഥാനത്തെ 493 ഹെക്ടര്‍ ഭൂപ്രദേശം ഇതുവരെ കടലെടുത്തിട്ടുണ്ട്.
അതിനിടെ കേരളം വന്‍ കടലാക്രമണ ഭീഷണിയുടെ വക്കിലാണെന്നും ജിയോളജിക്കല്‍ സര്‍വ്വേ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോള താപനില ഈ നിലയില്‍ വര്‍ധിച്ചാല്‍ ഈ നൂറ്റാണ്ട് പിന്നിടും മുമ്പ് കുട്ടനാട്, മണ്‍റോതുരുത്ത് അടക്കമുള്ള തീരദേശ മേഖലകള്‍ കടലെടുക്കുമെന്നും സൂചനയുണ്ട്.
















