തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറു ജില്ലകളില്‍ നാളെ കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം,കോട്ടയം, തൃശൂര്‍,ആലപ്പുഴ, കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റു ജില്ലകളിലെ അറിയിപ്പുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. എംജി, കേരള സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
അതേസമയം, മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍മാരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് വിലയിരുത്തി. ക്യാമ്പുകളിലെ കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ഉറപ്പാക്കാനും തീരുമാനമായി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവര്‍ത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങള്‍ ആവശ്യമായ ജില്ലകളില്‍ സജ്ജമാണ്.
പൊതുവില്‍ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വെള്ളപ്പൊക്കമേഖലകളിലും നദികളും വെള്ളം നല്ലരീതിയില്‍ കുറഞ്ഞുവരുന്നതായി കളക്ടര്‍മാര്‍ അറിയിച്ചു. മിക്ക പ്രദേശങ്ങളിലും തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും അതിവേഗത്തില്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപടികള്‍ എടുക്കുന്നുണ്ട്. മൊബൈല്‍ കണക്ടിവിറ്റിയും പ്രത്യേക ജനറേറ്ററുകള്‍ സജ്ജീകരിച്ച് ടവറുകള്‍ ചാര്‍ജ് ചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ബണ്ടുകള്‍ മുറിഞ്ഞ് വെള്ളം കയറാതിരിക്കാന്‍ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണവും രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും കളക്ടര്‍മാര്‍ വിശദീകരിച്ചു. അതത് ജില്ലകള്‍ പ്രത്യേകമായി ചെയ്യേണ്ട കാര്യങ്ങളും ജാഗ്രത തുടരേണ്ട വിഷയങ്ങളും മുഖ്യമന്ത്രി കളക്ടര്‍മാരെ ഓര്‍മിപ്പിച്ചു.
















