ആലപ്പുഴ: പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ 48 ക്യാമ്പുകള്‍ തുറന്നു. 1582 കുടുംബങ്ങളിലെ 5987 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. പുരുഷന്മാര്‍- 2155, സ്ത്രീകള്‍- 2616, കുട്ടികള്‍- 1019.
പ്രളയം സാരമായി ബാധിച്ച കുട്ടനാട്ടില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുറന്നിട്ടുള്ളത്. 806 പേരാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍, ധാന്യങ്ങള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയും ക്യാമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
ചമ്പക്കുളം, എടത്വാ, കാവാലം, കുന്നുമ്മ, കൈനകരി, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തലവടി, തകഴി, വെളിയനാട് പ്രദേശങ്ങളിലാണ് ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നത്.
കൈനകരിയില്‍ പാടശേഖരങ്ങളില്‍ മട വീണതിനെ തുടര്‍ന്ന് ദുരിതത്തിലായവരെ പുനഃരധിവസിപ്പിക്കുന്നതിനായി ആലപ്പുഴ എസ്ഡിവിജെബി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വൈകിട്ടോടെ ആകെ 80 കുടുംബങ്ങളിലായി 333 പേരാണ് ക്യാമ്പിലുള്ളത്.
ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളും മൂന്നു വാട്ടര്‍ ആംബുലന്‍സും രണ്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോട്ടുകളും ചേര്‍ന്നാണ് കുടുംബങ്ങളെ കൈനകരിയില്‍നിന്ന് ഒഴിപ്പിച്ച് ആലപ്പുഴയിലെത്തിച്ചത്. രോഗികളും കുഞ്ഞുങ്ങളുമടങ്ങുന്ന ക്യാമ്പിലെ അംഗങ്ങള്‍ക്കായി മെഡിക്കല്‍ സംഘങ്ങടക്കമുള്ള സേവനങ്ങള്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിടപ്പു രോഗികള്‍ക്കായി ജില്ലാ ജനറല്‍ ആശുപത്രിയിലെ പത്താം വാര്‍ഡില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഇതിനോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















