രാമായണം നമ്മെ എന്തുപഠിപ്പിക്കുന്നു? ഉത്തരമിങ്ങനെ: മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പാഠവും പൊരുളും. വീട്ടിലും നാട്ടിലും പുലരേണ്ടുന്ന സന്മാര്ഗം. കാട്ടിലും മറുനാട്ടിലും കാത്തുപോരേണ്ട സദാചാരബോധം. ഉത്തമഗുണങ്ങള്‍ തിങ്ങിയിണങ്ങി അഭംഗുരഭംഗിയാര്ന്നാല് ഏതു നരനും നാരായണനാവാം. ഏതു മാനവനും മാധവനുമാകാം. ആര്യധര്‍മങ്ങള്‍ വെടിഞ്ഞാല്‍ മാനവന് ദാനവനാകും. അയോധ്യ ലങ്കയുമാവും.
ആര്യധര്‍മങ്ങള്‍ പഠിപ്പിക്കുന്നത് സീതയും കൗസല്യയും സുമിത്രയുമൊക്കെയാണ്. എന്തിന് വാനരനായ ബാലിയും രാക്ഷസിയായ ശൂര്‍പ്പണഖയും അയോനിജയായ താരയും ധര്‍മനീതി പ്രഭാഷണം രാമായണത്തില്‍ നടക്കുന്നുണ്ട്. രാമായണത്തിലെ ഉപദേശങ്ങളും സ്തുതികളും ഉത്തമജീവിത ചിന്തകള്‍ക്ക് രാസത്വരകമാകുന്നു.
സീത ബ്രഹ്മതത്വബോധമാണ് പ്രകൃതിയാണ്. പ്രകൃതിയുമായുള്ള സല്ലയനം കൊണ്ടേ ആര്‍ക്കും ബ്രഹ്മജ്ഞാനം ലഭിക്കൂ. വനയാത്രയിലൊരു വേളയില്‍ സീതാദേവി ശ്രീരാമനോടു പറയുന്നു കാമത്തില്‍ നിന്നും മൂന്നു തിന്മകളുണ്ടാകും.
ഒന്ന്: കള്ളം പറക, രണ്ട് : പരസ്ത്രീ ഗമനം, മൂന്ന്: വൈരമില്ലാതെയുള്ള പ്രാണിഹിംസ. വൈദേഹിയുടെ ഈ വാക്കുകള്‍ കൂടി കേള്‍ക്കുക: ‘ന പിതാ നാത്മജോ ന മാതാ ന സഖീജന…നാരീണാം പതിരേകോ സദാഗതി. ‘ അച്ഛനല്ല മക്കളല്ല, അമ്മയല്ല തോഴികളല്ല സ്ത്രീക്ക് ഭര്‍ത്താവു തന്നെ ഏകശരണം. ഇഹപരലോകങ്ങളില്‍ നാരിക്ക് എല്ലാം പാതിമാത്രം. സീതാരാമന്മാരുടെ ഗാര്‍ഹസ്ഥ്യം കണ്ടു പഠിക്കുക.
അനാസക്തവും അര്‍ഥപൂര്‍ണവുമായ തത്വചിന്തയുടെ സോപാനത്തിലിരുന്ന് സുമിത്രാദേവി ഉരുവിട്ടുറപ്പിച്ച പ്രസിദ്ധിയാര്‍ന്ന ശ്ലോകമിങ്ങനെ:
‘രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവിം വിദ്ധി
ഗച്ഛതാത യഥാസുഖം’
ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ ഇതിനുണ്ട്. നാലെണ്ണം ചുവടെ: (1) ശ്രീരാമന് ദശരഥന്, സീതാദേവി സുമിത്ര അയോധ്യ വനം. (2) ശ്രീരാമന് അച്ഛന്, സീതാദേവി അമ്മ, അയോധ്യയുടെ സുഖം വനം. (3) ശ്രീരാമന് വിഷ്ണു സീത ലക്ഷ്മി, അയോധ്യ വൈകുണ്ഠം (4) രാമന് ദശരഥനല്ല, സീത അമ്മയല്ല, അടവി അയോധ്യയല്ല, കരുതിപ്പെരുമാറുക.
സീതാസ്വയംവര വേളയില്‍ ജനകന് രാമനോടു പറയുന്ന ഈ വാക്കുകള്‍ കേള്‍ക്കുക. ‘ രാമാ ഇതാ എന്റെ മകള്‍ സീത. ഈ വിവാഹ നിമിഷം മുതല്‍ അവള് നിന്റെ ധാര്‍മിക പഥത്തില്‍ സഞ്ചരിക്കും. അവളെ സ്വീകരിക്കൂ. അവള് ക്ഷേമം, ശാന്തി, ആനന്ദം എന്നിവ കൊണ്ടു വരും. നിന്റെ കൈകൊണ്ട് അവളുടെ കൈപിടിക്കൂ. ഈ നിമിഷം മുതല്‍ അവള് എന്നും നിന്റെ നിഴലാണ്. ‘
മണ്ഡോദരിയെ കണ്ട് സീതയെന്ന് ധരിച്ച ഹനുമാന്. ഓരോ തരത്തില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെ സൂക്ഷിച്ചു നോക്കിയതിനാല്‍ ധര്മവൈകല്യം വരുമോ എന്ന ശങ്കയാലിങ്ങനെ ഒരു ആത്മഗതം.
‘മനോഹി ഹേതു: സര്‍വേഷാ മിന്ദ്രിയാണാം പ്രവര്‍ത്തതേ
ശുഭാശുഭാസ്വവസ്ഥാ സു
തച്ചമേ സുവ്യവസ്ഥിതാ’
നല്ലത് ചീത്ത എന്ന വിഷയങ്ങളില്‍ എല്ലാ ഇന്ദ്രിയങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ മനസ്സു തന്നെയാണല്ലോ കാരണമാകുന്നത്. അപ്രകാരമുള്ള മനസ്സാകട്ടെ, എനിക്ക് ഒട്ടും ചലിക്കാതെ സ്ഥിരമായിരിക്കുന്നണ്ടല്ലോ.
കൗസല്യ രാമനോടു പറയുന്ന ഈ വാക്കുകള്‍ കൂടി: ‘ സന്മാര്ഗത്തിനു വിലക്കില്ല. നീ നന്മയുടെ വഴിയേ പോകൂ. നിന്നെ പാലിച്ച് ധൈര്യം പകരുന്ന ധര്‍മം നിനക്ക് നേര്‍വഴി കാട്ടും. ഒന്നോര്‍ത്തു കൊള്ളുക. നിന്റെ ഈ മുഖം തന്നെ എനിക്കെന്നും കാണണം. ധര്‍മമാര്‍ഗം വെടിയരുത്. നിനക്ക് നന്മ വരും. സിദ്ധസമ്മതയും ധര്മസംസ്ഥിതയുമായ ശബരി പോലും ആര്യ ധര്‍മങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: