കാസര്‍കോട്: കനത്ത മഴയില്‍ ബേക്കല്‍ കോട്ടയിലെ നീരീക്ഷണ കേന്ദ്രത്തിന്റെ പുറത്ത് ഭിത്തി തകര്‍ന്നു. പ്രവേശന കവാടത്തിന്റെ കിഴക്കെ വശത്തെ രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ പുറം ഭിത്തിയാണ് മഴയില്‍ ഇടിഞ്ഞത് .ഇതേ തുടര്‍ന്ന് ഇവിടേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഇരുമ്പ് ദണ്ഡുകള്‍ പാകിയിട്ടുണ്ട്. 300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതും ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രവുമാണ്.
1645 നും 1660 നും ഇടയ്‌ക്ക് കുംബ്ലയിലെ ബദിന്നൂര്‍ നായക്കന്മാരില്‍പെട്ട ശിവപ്പനായിക് ആണ് കോട്ട നിര്‍മ്മിച്ചത്. 1799ല്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതിനുശേഷം ബേക്കല്‍കോട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധീനതയിലായി. കോട്ടയ്‌ക്കുള്ളില്‍ സംരക്ഷണത്തിലുള്ള ഹനുമാന്‍ ആരാധ്യദേവനായുള്ള മുഖ്യപ്രാണക്ഷേത്രം കാണാന്‍ കഴിയും. ജലസംഭരണിയിലേക്കുള്ള നീണ്ട ചവിട്ടുപടികള്‍, തെക്കുഭാഗത്തേക്കു തുറക്കുന്ന തുരങ്കം, യുദ്ധോപകരണങ്ങള്‍ സൂക്ഷിയ്‌ക്കാനുള്ള ആയുധശാല, നിരീക്ഷണ ഗോപുരത്തിലേക്കുള്ള വീതിയേറിയ നടപ്പാത എന്നീ അസാധാരണ കാഴ്ചകള്‍ ബേക്കല്‍കോട്ടയില്‍ ഉണ്ട്.
















