മക്കളെ, അവഗണിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ ഇന്നത്തെ സമൂഹത്തിന്റെ വലിയൊരു പ്രശ്‌നമാണല്ലോ. വാര്‍ദ്ധക്യം സൃഷ്ടിക്കുന്ന അവശതകള്‍ അനവധിയാണ്. അതിന്റെകൂടെ മക്കളുടെ അവഗണന കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പ്രയാസം. മിക്ക അച്ഛനമ്മമാരും മക്കള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകള്‍ വളരെ വലുതാണ്. പല അച്ഛനമ്മമാര്‍ക്കും മക്കളെച്ചൊല്ലി തീരാത്ത ആധിയാണ്. മക്കളുടെ ആരോഗ്യത്തിനുവേണ്ടി, വിദ്യാഭ്യാസത്തിനുവേണ്ടി തൊഴിലിനുവേണ്ടി എല്ലാം അവര്‍ എത്രയോ കഷ്ടപ്പെടുന്നു. അങ്ങനെയെല്ലാം കഷ്ടപ്പെടുന്ന അച്ഛനമ്മമാര്‍ പ്രായമാകുമ്പോള്‍ അവഗണിക്കപ്പെടുന്നത് എത്ര വലിയ ക്രൂരതയാണ്.
പ്രായമായ ചില മാതാപിതാക്കള്‍ മക്കളോടുള്ള അന്ധമായ സ്‌നേഹം കാരണം സ്വത്തു മുഴുവന്‍ മക്കളുടെ പേരിലെഴുതിവെയ്‌ക്കും. എന്നാല്‍ സ്വത്തു കിട്ടിക്കഴിയുന്നതോടെ മക്കള്‍ക്കു മാതാപിതാക്കള്‍ വേണ്ടാതാകുന്നു. അവരുടെ കൂടെ താമസിക്കാനോ, അവരെ തങ്ങളുടെ കൂടെ താമസിപ്പിച്ച് ശുശ്രൂഷിക്കാനോ പല മക്കളും തയ്യാറാകുന്നില്ല. ചില അച്ഛനമ്മമാര്‍ക്ക് ഒമ്പതും പത്തും മക്കളുണ്ടാകും. പക്ഷെ എല്ലാവരും വിദേശങ്ങളിലോ ദൂരെയുള്ള നഗരങ്ങളിലോ ആയിരിക്കും. അച്ഛനോ അമ്മയോ മരിച്ചാല്‍ പോലും അവരുടെ മക്കള്‍ വരണമെന്നില്ല. ചിലപ്പോള്‍ മരണമടഞ്ഞ് ദിവസങ്ങള്‍ക്കുശേഷം ശവശരീരം ചീഞ്ഞുനാറുമ്പോഴായിരിക്കും അയല്‍ക്കാര്‍പോലും മരണവിവരം അറിയുന്നത്. അവരുടെ മരണത്തില്‍ ദുഃഖിക്കാന്‍പോലും ആരുമുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ മാത്രമായിരിക്കും. മക്കള്‍ക്കും പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകാം. ചിലപ്പോള്‍ അച്ഛനമ്മമാര്‍ നാടുവിട്ട് മക്കളുടെ കൂടെപോയി താമസിക്കാന്‍ വിസമ്മതിക്കാറുണ്ട്. നല്ല ജോലി ഉപേക്ഷിച്ച് നാട്ടില്‍വന്ന് അച്ഛനമ്മമാരെ നോക്കാനുള്ള സാമ്പത്തികസ്ഥിതി മക്കള്‍ക്കുണ്ടാകണമെന്നില്ല. അപ്പോഴും അച്ഛനമ്മമാര്‍ക്ക് ഒറ്റയ്‌ക്കു കഴിയേണ്ടിവരും. ചിലര്‍ കരഞ്ഞുകൊണ്ടു പറയാറുണ്ട്, ”അമ്മേ, എന്റെ അമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോകാനും മറ്റും ഇടയ്‌ക്കിടയ്‌ക്ക് എടുത്തുകൊണ്ടുപോകണം. അസഹ്യമായ പുറംവേദന കാരണം എനിക്കിപ്പോള്‍ അതു സാധിക്കുന്നില്ല.” ഇങ്ങനെ പല പല പ്രശ്‌നങ്ങള്‍ മക്കള്‍ക്കുമുണ്ട്.
എന്തുതന്നെയായാലും ഈ ലോകത്തില്‍ നമുക്ക് ഏറ്റവുമധികം കടപ്പാട് അച്ഛനമ്മമാരോടുതന്നെയാണ്. അങ്ങനെയുള്ള അവരെ സേവിയ്‌ക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായി വേണം കരുതാന്‍. ചിലര്‍ പറയാറുണ്ട്, ”എന്റെ അച്ഛനമ്മമാര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ വേണ്ടപോലെ നോക്കിയില്ലല്ലോ എന്നോര്‍ത്ത് ഇന്നെനിയ്‌ക്ക് കുറ്റബോധം തോന്നുന്നു.” ഇങ്ങനെ പശ്ചാത്തപിക്കാന്‍ നമ്മള്‍ ഒരിക്കലും ഇട വരുത്തരുത്. പോയ കാലം ഒരിക്കലും തിരിച്ചുവരില്ല.
ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരാള്‍ ഓഫീസില്‍ പോകുന്ന വഴിയ്‌ക്ക് അടുത്തദിവസം തന്റെ അമ്മയുടെ പിറന്നാളാണെന്ന കാര്യം ഓര്‍ത്തു. ഒരു പൂക്കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി, നാട്ടില്‍ താമസിക്കുന്ന അമ്മയുടെ പേരില്‍ പിറന്നാള്‍ പ്രമാണിച്ച് ഒരു പൂച്ചെണ്ടും അതിനോടൊപ്പം ഒരു ആശംസാകാര്‍ഡും അയയ്‌ക്കാനുള്ള ഏര്‍പ്പാടു ചെയ്തു. അപ്പോഴാണ് തൊട്ടടുത്ത് ഒരു കോണ്‍ക്രീറ്റ് ബെഞ്ചിലിരുന്ന് ഒരു കൊച്ചുപെണ്‍കുട്ടി വിങ്ങിക്കരയുന്നത് കണ്ടത്. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞു, ”എന്റെ അമ്മയ്‌ക്കുവേണ്ടി കുറച്ചു ചുവന്ന റോസാപ്പൂക്കള്‍ വാങ്ങാനായി വന്നതാണ്. പക്ഷെ എന്റെ കൈയിലുള്ള പണം അതിനു തികയില്ല.” അയാള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”വരൂ, ബാക്കി പണം ഞാന്‍ തരാം.” അങ്ങനെ അയാള്‍ നല്കിയ പണവും കൂട്ടിച്ചേര്‍ത്ത് പെണ്‍കുട്ടി തന്റെ അമ്മയ്‌ക്കുള്ള പൂക്കള്‍ വാങ്ങി. തന്റെ കാറില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് അയാള്‍ പറഞ്ഞു. അവള്‍ സന്തോഷത്തോടെ പറഞ്ഞു, ”എന്നെ എന്റെ അമ്മയുടെ അടുത്തു കൊണ്ടുപോയാല്‍ മതി.” അങ്ങനെ അവള്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് അവര്‍ ഒരു സെമിത്തേരിയുടെ അടുത്തെത്തി. പെണ്‍കുട്ടി അയാളോട് നന്ദി പറഞ്ഞശേഷം അവിടെ ഇറങ്ങി. അവള്‍ ആ റോസാപുഷ്പങ്ങള്‍ ഒരു ശവകുടീരത്തില്‍ വെച്ചു, അതിനുമുമ്പിലിരുന്നു പ്രാര്‍ത്ഥിച്ചു. ഈ ദൃശ്യം അയാളെ ആഴത്തില്‍ സ്പര്‍ശിച്ചു. അയാള്‍ ചിന്തിച്ചു, ”മരിച്ചുപോയ അമ്മയോട് ഈ കുട്ടിയ്‌ക്ക് എത്ര സ്‌നേഹമാണ്. അമ്മയ്‌ക്കുവേണ്ടി എത്ര ക്ലേശം സഹിക്കാനും അവള്‍ തയ്യാറാവുന്നു. ഞാനാണെങ്കില്‍ അമ്മ ജീവിച്ചിരുന്നിട്ടുപോലും വേണ്ടത്ര ശ്രദ്ധയോ സ്‌നേഹമോ നല്കുന്നില്ല.” അയാള്‍ ഉടനെ പൂക്കടയില്‍ചെന്ന് അമ്മയ്‌ക്ക് പുഷ്പങ്ങള്‍ അയയ്‌ക്കാനുള്ള ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത്, നല്ലൊരു പൂച്ചെണ്ടു വാങ്ങി. ഓഫീസില്‍ വിളിച്ച് അന്ന് ജോലിയ്‌ക്കു വരില്ലെന്ന് അറിയിച്ചശേഷം, നാട്ടിലുള്ള തന്റെ അമ്മയുടെ അടുത്തേയ്‌ക്ക് യാത്രയായി.
മാതാപിതാക്കളോടുള്ള കടമ വേണ്ടപോലെ നിര്‍വ്വഹിക്കുവാന്‍ ഇന്നത്തെ തലമുറ തയ്യാറാകണം. വൃദ്ധരായ അച്ഛനമ്മമാരുടെ കൂടെ കഴിയുന്നത്ര സമയം ചെലവഴിക്കണം. അവര്‍ക്കു വേണ്ടത്ര സ്‌നേഹാദരങ്ങളും ശുശ്രൂഷയും നല്കണം. മാസങ്ങള്‍ കൂടുമ്പോള്‍ കുറച്ചുനേരം ഫോണ്‍ചെയ്തു സംസാരിച്ചതുകൊണ്ടോ, പിറന്നാള്‍ ആശംസിച്ചതുകൊണ്ടോ മക്കളുടെ കടമ പൂര്‍ത്തിയാകുന്നില്ല. ദാഹിക്കുന്ന ഒരാള്‍ക്കു ശുദ്ധജലത്തിനു പകരം ഐസുകട്ട നല്കുന്നതുപോലെയാണത്. വൃദ്ധരായ മാതാപിതാക്കളുടെ ഹൃദയമറിഞ്ഞ് അവരോട് പെരുമാറണം. മാതാപിതാക്കളുടെ വാര്‍ദ്ധക്യദുഃഖങ്ങള്‍ മക്കളുടെ സ്‌നേഹത്തില്‍ അലിഞ്ഞില്ലാതാകട്ടെ. അതിനോളം വലിയ പുണ്യം മറ്റൊന്നില്ല. അതിനോളം സംതൃപ്തി തരുന്നതും മറ്റൊന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: