ആലപ്പുഴ/ചേര്‍ത്തല: തീരദേശപാതയില്‍ ആലപ്പുഴയില്‍ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന് സമീപം മാളികമുക്ക് റെയില്‍വെ ക്രോസിന് അടുത്ത് ഇലക്ട്രിക് ലൈനിലേക്ക് മരം വീഴുകയായിരുന്നു. ഇതോടെ തീരദേശപാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍നിന്ന് റിക്കവറി വാന്‍ എത്തി രാവിലെ ആറരയോടെ മരം നീക്കി ഇലക്ട്രിക് ലൈനിലെ അറ്റകുറ്റപ്പണി നടത്തി. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് അടക്കം മൂന്നു ട്രെയിനുകള്‍ പിടിച്ചിട്ടു. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബാംഗ്ലൂര്‍-കൊച്ചുവേളി ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. തീരദേശപാതയിലെ ട്രെയിന്‍ ഗതാഗതം ഇന്നു രാവിലെ വരെ നിര്‍ത്തിവച്ചു.
ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തിയത്. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണു നടപടി. ആലപ്പുഴയ്‌ക്ക് സമീപം മാളികമുക്ക് മുതലപ്പൊഴിയില്‍ ട്രാക്കില്‍ മരം വീണ് വൈദ്യുതിലൈന്‍ തകര്‍ന്നതാണ് ഗതാഗതം മുടങ്ങാന്‍ കാരണം, കഴിഞ്ഞ ദിവസം ചേര്‍ത്തല പട്ടണക്കാടിന് സമീപവും മരം വീണ് വൈദ്യുതിലൈന്‍ തകരാറിലായിരുന്നു.
എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം-എറണാകുളം പാസഞ്ചര്‍ (56382), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി-66302), എറണാകുളം-കൊല്ലം (ആലപ്പുഴ വഴി-66303), കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) എന്നീ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.
റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് മാവേലി എക്സ്പ്രസ് ചേര്‍ത്തല റെയില്‍വെ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. യാത്രക്കാര്‍ വലഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 3.15ന് ചേര്‍ത്തലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് മരം വീണ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് ചേര്‍ത്തലയില്‍ പിടിച്ചിടുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. തുറവൂരില്‍ ധന്‍ബാദും മാരാരിക്കുളത്ത് രാജധാനി എക്സ്പ്രസും പിടിച്ചിട്ടു.
















