ആലപ്പുഴ: മത്സ്യഫെഡ് കബളിപ്പിച്ചു, ലഭിക്കുവാനുള്ള പണത്തിനുവേണ്ടി കാല്‍നടയായി മോഹന്‍ലാല്‍ സെക്രട്ടേറിയറ്റിലേക്ക്. താന്‍ കണ്ടുപിടിച്ച യന്ത്രം ട്രോളിയിലാക്കി ഇതും വലിച്ചാണ് വളഞ്ഞവഴിയില്‍നിന്ന് യാത്ര തുടങ്ങിയത്.
ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാമെന്ന് തെളിയിച്ചാണ് മത്സ്യബന്ധന മേഖലയില്‍ മോഹന്‍ലാല്‍ വിപ്ലവം രചിച്ചത്. നിലവിലെ ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയായതിനാല്‍ അമിതമായ ഇന്ധന ചെലവ് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കും. അതിനാലാണ് ഇത്തരത്തില്‍ എന്‍ജിന്‍ മോഹന്‍ലാല്‍ കണ്ടുപിടിച്ചത്.
എന്‍ജിന്റെ ഗുണനിലവാരം ബോധ്യപ്പെട്ട മത്സ്യഫെഡ് ആദ്യം 25 എന്‍ജിനുകള്‍ മോഹന്‍ലാലില്‍നിന്ന് വാങ്ങുകയും ഇതിന്റെ വില നല്‍കുകയും ചെയ്തു. ഇതിനുശേഷം വേഗത കൂടിയ മറ്റൊരു എന്‍ജിനും മോഹന്‍ലാല്‍ കണ്ടുപിടിച്ചു. ഇതിനകം രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവേഷകര്‍ എന്നിവരുടെ പ്രശംസയും ഇദ്ദേഹം പിടിച്ചുപറ്റി. അഞ്ചുവര്‍ഷം മുമ്പ് വേഗതയേറിയ ഇന്‍ബോര്‍ഡായും ഔട്ട്‌ബോര്‍ഡായും ഉപയോഗിക്കാവുന്ന ഗുണനിലവാരം കൂടിയ മറ്റൊരു എന്‍ജിന്‍ കൂടി മോഹന്‍ലാല്‍ കണ്ടുപിടിച്ചു.
മത്സ്യഫെഡ് ആവശ്യപ്പെട്ടതു പ്രകാരം കടം വാങ്ങിയും പലിശയ്‌ക്കെടുത്തും പണം സ്വരൂപിച്ച് 60 യന്ത്രം മോഹന്‍ലാല്‍ നിര്‍മ്മിച്ചു നല്‍കി. എന്നാല്‍ മത്സ്യഫെഡ് യന്ത്രങ്ങളുടെ നികുതി ഇദ്ദേഹത്തില്‍നിന്നുതന്നെ ഈടാക്കുകയും തുക മുഴുവന്‍ നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു.
16 ലക്ഷം രൂപയാണ് ഇത്തരത്തില്‍ മത്സ്യഫെഡ് നല്‍കുവാനുള്ളത്. ഇതിനകം പലിശക്കാരും വായ്‌പ നല്‍കിയവരും പണത്തിനായി ഇദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ മോഹന്‍ലാല്‍ വീണ്ടും മത്സ്യഫെഡ് എംഡിയെ അടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സെക്രട്ടേറിയറ്റില്‍ എത്തി 24 മണിക്കൂര്‍ സത്യഗ്രഹം ഇരുന്നതിനു ശേഷം നീതി ലഭിച്ചില്ലെങ്കില്‍ ശംഖുമുഖം കടപ്പുറത്ത് ഇത് കത്തിക്കുവാനാണ് മോഹന്‍ലാലിന്റെ തീരുമാനം.
















