പുതുക്കാട്: പറപ്പൂക്കര മാഞ്ഞാംകുഴി റെഗുലേറ്റര്‍ ഷട്ടറുകളില്‍ പാഴ്മരങ്ങളും മുളങ്കൂട്ടവും വന്നടിഞ്ഞ് കുറുമാലിപ്പുഴയില്‍ നീരൊഴുക്ക് തടസപ്പെട്ടു. മരങ്ങളും മാലിന്യവും തടഞ്ഞ് എട്ട് ഷട്ടറുകളും അടഞ്ഞു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതോടെ പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലായി.
ഷട്ടറില്‍ പത്തരഅടി വെള്ളമാണ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയത്. ഒന്നര അടിയോളം വെള്ളം പുഴയില്‍ ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശത്തെ ബണ്ടുകള്‍ കവിഞ്ഞൊഴുകും. പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച ബണ്ടുകള്‍ തകരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
നൂറ് കണക്കിന് കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്. പറപ്പൂക്കര, പുതുക്കാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഷട്ടറില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ ആരംഭിച്ചു. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ക്രെയിനിന്റെ സഹായത്തോടെ മാലിന്യം നീക്കുന്നത്.
















