ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്ക്കു ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍നിന്ന് മോചനം. പലജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളോര്‍ത്ത് വിഷമിക്കും. ‘കര്‍മജന്മ ശതോത്ഭവ’ത്തെ സ്മരിച്ച് ദീര്‍ഘശ്വാസമെടുക്കും.
ആരഭ്യ സപ്തമാന്മാസാല്ലബ്ധ
ബോധോപി വേപിതഃ
നൈകത്രാസ്തേ സൂതിവാ-
തൈര്വിഷ്ഠാ ഭൂരിവ സോദരഃ
ഏഴാം മാസം മുതല്‍ ബോധം കാര്യമായി പ്രവര്‍ത്തിക്കുന്നു. ഒരു സ്ഥാനത്തു തന്നെ ഉറച്ചിരിക്കാനാവില്ല. സൂതിവാതം ചഞ്ചലപ്പെടുത്തിക്കൊണ്ടിരിക്കും.
അഹങ്കാരത്താല്‍ പണ്ടു ചെയ്ത കര്‍മങ്ങളിലെ വൈപരീത്യങ്ങളേയും പാപകര്മങ്ങളേയും അനുസ്മരിക്കും. ആ പാപകര്മാനുസൃതമായി തനിക്ക് ഗര്‍ഭവാസം എന്ന ദുരിതം തന്ന ഭഗവാനെ ഓര്‍മിക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ മനോവിചാരങ്ങളെന്തെല്ലാമാണെന്ന് കപില ഭഗവാന് വ്യക്തമായി അറിയാം. ആ അറിവ് ഭഗവാന് ദേവഹൂതിയമ്മയ്ക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്.
‘സോഹം വ്രജാമി ശരണം
ഹ്യകുതോ ഭയം മേ
യേനേദൃശീ ഗതിര-
ദര്ശ്യസതോനുരൂപ’
താന്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ചുറ്റുമുള്ളവരെ അറിയിക്കാന്‍ മാര്‍ഗമൊന്നുമില്ല. തന്റെ ഇഷ്ടം മനസ്സിലാക്കാതെ അവര്‍ അവരുടെ ധാരണയ്ക്കനുസരിച്ചാണ് ഓരോന്നും തരുന്നത്. ഉള്ളിലുള്ള വിഷമങ്ങള്‍ പുറത്തറിയിക്കാന്‍ മാര്‍ഗമൊന്നുമില്ല. കരയാന്‍ മാത്രമറിയാം. കരയുന്നത് എന്തിനു വേണ്ടിയെന്ന് ചുറ്റുമുള്ള ആര്‍ക്കും മനസ്സിലാകുന്നുമില്ല. പലപ്പോഴും മലത്തിലും മൂത്രത്തിലും തന്നെ കിടക്കേണ്ടി വരുന്നു. ഇങ്ങനെ ബഹുവിധത്തിലുള്ള വൈഷമ്യത്തില്‍ കിടന്ന് ഉഴലുമ്പോള്‍ ഗര്ഭവാസകാലത്ത് താന്‍ കണ്ട പരിഹാരമാര്‍ഗങ്ങളേയും പ്രായശ്ചിത്തമാര്ഗങ്ങളേയും സ്വപ്ന വീക്ഷണങ്ങളേയും മറന്നു പോകുന്നു.
തന്നെ സഹായിക്കാന്‍ ആരുമില്ലെന്ന ചിന്തയില്‍ ഉഴലുന്നു. ബഹുവിധചിന്തകളില് മനം മടുക്കുന്നു. ഭഗവാനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെ ഇല്ലാതാക്കുന്നു. ഇനിയൊരു ഗര്ഭവാസമില്ല എന്നുറപ്പിക്കും വിധമുള്ള ഭഗവതനുഗ്രഹം ഇല്ലാതാകുന്നതോടെ ഭഗവാന് നിര്‍ഗുണനായി തീരുന്നു. നിത്യസംഗ താല്പര്യത്തില് നിസംഗമൂര്ത്തിയായ നിര്‍ഗുണ പരബ്രഹ്മത്തെ അനുഭവത്തിനു ലഭിക്കുന്നില്ല. ഗുണാതീതനെ സര്‍വഗുണ സമ്പന്നന് എന്ന് സ്വയം തിരിച്ചറിയാനാകുന്നില്ല.
ക്രമേണ ജന്മാന്തരകര്മങ്ങളേയും ഗര്‍ഭകാല അനുഭവങ്ങളേയും മറന്ന് ഇജ്ജന്മത്തില് മുന്നിട്ടു വരുന്നു. പുതിയ കുസൃതിത്തരങ്ങളും വാശികളുമൊക്കെയായി ചുറ്റുമുള്ളവരെ വിഷമത്തിലാക്കുന്നു. പോയജന്മത്തിലെ കര്‍മങ്ങളുടെ വാസനയനുസരിച്ച് ഈ ജന്മത്തില് പുതിയ കര്‍മങ്ങളെ ചെയ്ത് പുതിയ അനുഭവങ്ങളും ഏറ്റു വാങ്ങുന്നു. പഴയ അനുഭവങ്ങള്‍ സഞ്ചിതങ്ങളും പ്രാബ്ദങ്ങളുമായി ബാക്കി കിടക്കുന്നു. ഇങ്ങനെ ജന്മചക്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നേരത്തേകൂട്ടിത്തന്നെ ഭഗവാനെ തിരിച്ചറിഞ്ഞ് സകല കര്‍മങ്ങളും ആ പരമപുരുഷനില്‍ അര്പിക്കാനാവണം എന്ന് കപില ഭഗവാന് അമ്മയായ ദേവഹൂതിയോട് പറഞ്ഞു നിര്‍ത്തി. ഇതു കേട്ട് ദേവഹൂതി കപില ഭഗവാനെ നമസ്ക്കരിച്ചു. ക്രമേണ ദേവിക്ക് ഈ ജന്മത്തില് തന്നെ പരമ പുരുഷനില്‍ ലയിച്ച് മോക്ഷപ്രാപ്തി നേടാനാവട്ടെയെന്ന് കപിലഭഗവാന്‍ ദേവഹൂതിയമ്മയെ അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: