സമാധാനത്തിന്റെ ആധുനിക അപ്പോസ്തലനാകാന്‍ മോഹിച്ച ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഭാരതത്തിന് സമ്മാനിച്ച ശാപമാണ് ജമ്മു കാഷ്മീര്‍ പ്രശ്നം. മരിക്കുന്നതിനുമുമ്പ് സമാധാനത്തിനുള്ള ഒരു നോബല്‍ സമ്മാനവും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവാം. കഴിഞ്ഞ 69 വര്‍ഷമായി രാഷ്ട്രശരീരത്തില്‍ പുഴുത്തളിഞ്ഞ് ആരോഗ്യവും സമ്പത്തും നശിപ്പിച്ച ആ വ്രണം ആധുനിക ഭിഷഗ്വരന്മാര് ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയിരിക്കുന്നു. ഈ വ്രണത്തില്‍ രോഗാണുക്കളായി പടര്‍ന്നിരുന്ന ക്ഷുദ്രശക്തികള്‍ക്ക് മാത്രമാണ് ഈയൊരു ചികിത്സയില്‍ അസ്വസ്ഥത ഉണ്ടായിരിക്കുന്നത്. അവര്‍ ശരീരത്തിന്റെ മറ്റുപ്രദേശങ്ങളിലും പടര്‍ന്നുകയറാന്‍ ശ്രമിക്കും, രാജ്യസ്നേഹികളായ ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍.
1947 ഒക്ടോബര്‍ 22നാണ് മുസാഫറാബാദ് വഴി ശ്രീനഗറിലേക്ക് ഗോത്രവര്‍ഗക്കാരുടെ വേഷത്തില്‍ പാക്കിസ്ഥാന് സൈന്യം കുതിച്ചെത്തിയത്. ശ്രീനഗറിന് 35 കി.മീ. അടുത്തെത്തിയപ്പോള്‍ മാത്രമാണ് ഭരണകൂടം ഇതറിയുന്നത്. ഒക്ടോബര്‍ 24ന് കശ്മീര്‍ മഹാരാജാവ് ഹരിസിംഗ് സര്‍ക്കാരിനോട് സഹായാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അടിയന്തിരമായി രാജ്യരക്ഷ ചെയ്യുന്നതിനുപകരം ഡിഫന്‍സ് മീറ്റിങ് വിളിക്കാനാണ് സ്വതന്ത്ര ഭാരതത്തിന്റെ ഗവര്‍ണര്‍ ജനറലായ മൗണ്ട് ബാറ്റന് നിര്‍ദ്ദേശിച്ചത്. അധികാരമേറ്റ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആദ്യ വിഢിത്തമായിരുന്നു മൗണ്ട് ബാറ്റനെ ഗവര്‍ണര്‍ ജനറല്‍ ആക്കിയത്. (അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. മൗണ്ട് ബാറ്റന് ഇവിടെ തുടരേണ്ടത് നെഹ്റുവിന്റെ ആവശ്യമായിരുന്നു. കാരണം, എങ്കിലേ എഡ്വിന മൗണ്ട് ബാറ്റനും ഇവിടെ നില്‍ക്കുമായിരുന്നുള്ളൂ.) രണ്ടു നൂറ്റാണ്ടുകാലം ഭാരതത്തെ കൊള്ളയടിക്കുകയും തകര്‍ക്കുകയും പതിനായിരക്കണക്കിന് ദേശസ്നേഹികളെ വധിക്കുകയും ഒടുവില്‍ രാജ്യത്തെത്തന്നെ വെട്ടിമുറിക്കുകയും ചെയ്ത ശത്രുരാജ്യത്തിന്റെ കൈകളിലേക്ക് പരമാധികാരം കൈമാറിയ ‘നവഭാരത ശില്പി’യോളം വിഢിത്തം മറ്റാരും ചെയ്തിട്ടുണ്ടാവില്ല. ആ ശത്രു നെഹ്റുവിന്റെ കൈപിടിച്ച് രാജ്യത്തെ അസ്വസ്ഥതയുടെ പാതാളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
ഒക്ടോബര്‍ 25ന് മൗണ്ട് ബാറ്റന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് മീറ്റിങ് കൂടി, ‘ഭാരതവുമായി ലയിക്കുന്നതിനുമുമ്പ് ഒരു തരത്തിലുള്ള സൈനിക സഹായവും ചെയ്യരുത്’ എന്നതായിരുന്നു മൗണ്ട് ബാറ്റന്റെ നിര്‍ദ്ദേശം. സ്ഥിതിഗതികള്‍ കണ്ടുമനസിലാക്കാന്‍ വി.പി. മേനോനെ ശ്രീനഗറിലേക്ക് അയക്കാനും തീരുമാനിച്ചു. ഒക്ടോബര്‍ 25ന് മേനോന് മഹാരാജാവുമായി ചര്‍ച്ച നടത്തി, 26ന് ദല്‍ഹിയില്‍ തിരിച്ചെത്തി. പ്രശ്നത്തിന്റെ രൂക്ഷതയും നിസ്സഹായാവസ്ഥയിലുള്ള രാജാവിന്റെ ദയനീയ ചിത്രവും മേനോന് വിവരിച്ചു. ‘അടിയന്തിരമായി നാം സഹായിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടും’, വി.പി. മേനോന് വ്യക്തമാക്കി. അതിനിടയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ശ്രീ ഗുരുജി കശ്മീര്‍ സംഘചാലകനോടൊപ്പം ശ്രീനഗറിലെത്തി മഹാരാജാവുമായി ചര്‍ച്ചനടത്തി, ഭാരതവുമായി ലയിക്കേണ്ടതിന്റെ ആവശ്യവും വിട്ടുനിന്നാലുണ്ടാകാവുന്ന അപകടവും ബോധ്യപ്പെടുത്തി. വി.പി. മേനോനും കൂട്ടരും ഒക്ടോബര്‍ 26ന് വീണ്ടും ശ്രീനഗറിലെത്തി മഹാരാജാവുമായി കൂടിക്കണ്ടു, രാജാവ് ലയനക്കരാറില്‍ നിരുപാധികം ഒപ്പുവച്ചു. തുടര്‍ന്ന് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 27ന് സൈന്യം ശ്രീനഗറിലെത്തി. വിമാനത്താവളം ഉപയോഗപ്രദമാക്കുന്നതിനും ആയുധങ്ങള്‍ യുദ്ധമുന്നണിയില്‍ എത്തിക്കുന്നതിനും സ്വയംസേവകര്‍ സൈനികരോടൊപ്പം നിലകൊണ്ടു.
ഭാരതസൈന്യം തിരിച്ചടി തുടങ്ങുകയും പാക് പട്ടാളത്തെ തുരത്തിക്കൊണ്ടിരിക്കുകയും ചെയ്യവെ, കാര്യം പന്തിയല്ലെന്നുകണ്ട മുഹമ്മദാലി ജിന്ന നെഹ്റുവിനെ ലാഹോറിലേക്ക് ചര്‍ച്ചക്ക് വിളിച്ചു. ഉടമസ്ഥനെ കള്ളന് സ്വന്തം വീട്ടിലേക്ക് സന്ധിക്ക് വിളിക്കുന്നതുപോലെ. നെഹ്റു സമ്മതിച്ചു! പക്ഷെ നെഹ്റു പോകുന്നതിനുപകരം മൗണ്ട് ബാറ്റനെയാണ് അയച്ചത് – കുറുക്കന്റെ കയ്യില്‍ കോഴിയുടെ സുരക്ഷ! നെഹ്റുവിന്റെ രണ്ടാമത്തെ വിഢിത്തം. ഇരു ശത്രുക്കളും ചേര്‍ന്ന് ഭാരതത്തിന്റെ നല്ലഭാവി തീരുമാനിക്കുമെന്ന് കരുതിയ നവഭാരത ശില്പി
പാക് സൈന്യത്തെ തുരത്തുകയും കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയും ചെയ്യവെ നെഹ്റു കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. നെഹ്റുവിന്റെ മൂന്നാമത്തെ വിഢിത്തം. 1947 ഡിസംബര്‍ 3ന് ആയിരുന്നു പരാജയത്തിലേക്കുള്ള മൂന്നാമത്തെ ചുവടുവയ്പ്. ഐക്യരാഷ്ട്രസഭയിലേക്ക് ഭാരതത്തിന്റെ പ്രതിനിധിയായി പോയവരില്‍ പ്രമുഖന് സ്വതന്ത്ര കശ്മീര്‍ വിഘടനവാദി നേതാവ് ഷേഖ് അബദുള്ളയായിരുന്നു. അത് മറ്റൊരു ദുരൂഹത. യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നവനാണ് സാധാരണ മൂന്നാമന്റെ സഹായാഭ്യര്‍ത്ഥന നടത്താറ്. (പക്ഷെ മൗണ്ട് ബാറ്റന് പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. കാരണം അങ്ങാടിപ്പാട്ടായ അരമന രഹസ്യം ഒന്നുണ്ടായിരുന്നല്ലോ). മൂന്നാമനെ ഏല്‍പ്പിച്ചതിലൂടെ പാക്കിസ്ഥാന് ഒരു വടികൊടുത്തു.
എന്നാല്‍ മൂന്നാമന് എന്ന നിലയില്‍ യു.എന്‍. ഇടപെട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു മുമ്പുതന്നെ അവരറിയാതെ നെഹ്റു 1948 ജനുവരി 1ന് ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. നാലാമത്തെ വിഢിത്തം! അതിന് മറ്റൊരു ദുരുദ്ദേശ്യവുംകൂടി ഉണ്ടായിരുന്നു. യുദ്ധം നടന്നുകൊണ്ടിരിക്കവെ കിഴക്കന്‍ രാജ്യങ്ങളുടെ സമ്മേളനം നെഹ്റു ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തു. ഇന്തോനേഷ്യയിലെ അധിനിവേശം ചര്‍ച്ചചെയ്യാന്‍. അങ്ങനെ ആഗോളസമാധാനം സംസ്ഥാപനം ചെയ്യാന്‍ അവതരിച്ചിരിക്കുന്ന മഹാത്മാവാണ് താനെന്ന് ലോകത്തെ അറിയിക്കാനുള്ള വെമ്പലായിരുന്നു നെഹ്റുവിന്. പക്ഷെ അത്തരമൊരു വെള്ളരിപ്രാവ് യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നു വന്നാല്‍? അപ്പോള്‍ മാതൃഭൂമിയുടെ നഷ്ടം പരിഗണിക്കാതെ, നഷ്ടപ്രദേശം വീണ്ടെടുത്തിട്ട് യുദ്ധം നിര്‍ത്താമെന്ന സൈനികത്തലവന്മാരുടെ അഭ്യര്‍ത്ഥനക്ക് പുല്ലിന്റെ വിലപോലും കല്പിക്കാതെ 1949 ജനുവരി 1ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്യപ ഋഷിയുടെയും അഭിനവ ഗുപ്തന്റെയും ലല്ലേശ്വരിയുടെയും നാടിന്റെ വലിയൊരു ഭാഗവും ശത്രുവിന്റെ കൈയില്‍ താലത്തില്‍ വെച്ചുനല്‍കി. അതാണ്, പിഒകെ (പാക് അധീന കശ്മീര്‍).
ഇതാണ് ജമ്മു കശ്മീര്‍ പ്രശ്നത്തിന്റെ അടിത്തറ. പിന്നീട് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ചര്‍ച്ച വന്നപ്പോള്‍ കശ്മീര്‍ വിഘടനവാദി നേതാവും മുസ്ലീം കോണ്‍ഫറന്‍സിലൂടെ വര്‍ഗീയ വാദി നേതാവുമായിരുന്ന ഷേഖ് അബ്ദുള്ളയോടുള്ള പ്രത്യേക മമതയുടെ അടയാളമായാണ് ജവഹര്‍ലാല്‍ നെഹ്റു പ്രത്യേക പദവിക്കുവേണ്ടി വാദിച്ചത്. ലയനക്കരാറില്‍ മഹാരാജാവ് ഹരി സിംഗ് ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. ഭാരതവുമായി ലയിക്കുകയോ ലയിപ്പിക്കുകയോ ചെയ്ത ഒരു നാട്ടുരാജ്യത്തിലും ജനങ്ങളുടെ അഭിപ്രായ സര്‍വ്വെ നടത്തിയിരുന്നില്ല. ഷേഖ് അബ്ദുള്ളയെയും പ്രധാനമന്ത്രിയാക്കാന്‍, മറ്റൊരു രാജ്യംപോലെ സ്വതന്ത്ര പതാകയും പാര്‍ലമെന്റും ഒക്കെയായി, രണ്ടു പ്രസിഡന്റുപദവിയും അനുവദിച്ച് അവരെ വേറിട്ടുപോകാനുള്ള എല്ലാ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചായിരുന്നു 370 വകുപ്പ് തയ്യാറാക്കിയത്. നെഹ്റുവിന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ അക്കാലത്ത് ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. എല്ലാവര്ക്കും സ്ഥാനമാനങ്ങള്‍ ആവശ്യമായിരുന്നു. ആകെ ചോദ്യംചെയ്യാന്‍ കരുത്തുണ്ടായിരുന്ന സര്‍ദാര്‍ പട്ടേല്‍ ‘ഭാഗ്യവശാല്‍’ കാലഗതി പ്രാപിക്കുകയും ചെയ്തിരുന്നു. 370 വകുപ്പ് താല്‍ക്കാലികമെന്ന് പറഞ്ഞുകൊണ്ട് ഭാരതമാതാവിന്റെ ശിരസ്സില്‍ കെട്ടിവച്ച ബോംബായിരുന്നു. അത് ഇന്നുവരെയും പൊട്ടിക്കൊണ്ടിരുന്നു. ആ ബോംബാണ് നരേന്ദ്ര മോദിയും അമിത് ഷായും രംനാഥ് കോവിന്ദും ചേര്‍ന്ന് നിര്‍വ്വീര്യമാക്കിയത്.
പതിനായിരക്കണക്കിന് സൈനികര്‍, ആയിരക്കണക്കിന് നാട്ടുകാര്‍ ഒക്കെ ഈ ഒരൊറ്റ നിയമത്തിന്റെ മറയില്‍ നമുക്ക് നഷ്ടപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് കോടികള്‍ സുരക്ഷക്കും കാവലിനും ചെലവാക്കേണ്ടിവന്നു. മതമൗലികവാദികളും ഭീകരവാദികളും സര്‍വ്വതന്ത്ര സ്വതന്ത്രമായി വിലസി. ആയിരക്കണക്കിന് മുസ്ലിം കുട്ടികളെ അവരുടെ അമ്മമാര്‍ക്ക് നഷ്ടമായി. ലക്ഷക്കണക്കിന് കശ്മീരികള്‍ പലായനം ചെയ്തു. എല്ലാം രണ്ടോ മൂന്നോ പേരുടെ അധികാരവും ‘ദാഹ’വും തീര്‍ക്കാന്‍ മാത്രം.
സമ്പത്തും കുടുംബവും തകര്‍ന്ന കശ്മീരികളുടെ സ്വപ്നങ്ങള്‍ ഇനി പൂവണിയും. ഭാരതത്തിലെ ഇതര ജനങ്ങളോട് ഇടപഴകാന്‍ സ്വാതന്ത്ര്യം. വിവാഹബന്ധത്തിലൂടെ രക്തബന്ധം വഴിയായും ഉദ്യോഗത്തിലുടെ ഔപചാരികബന്ധം വഴിയായും വിദ്യാഭ്യാസത്തിലൂടെ സ്നേഹബന്ധം വഴിയായും ഇനി കശ്മീരികളും ഭാരത മാതാവിന്റെ സന്തതികളാവും. ഇതര ജനവിഭാഗങ്ങളില്‍നിന്ന് കശ്മീരികളെ അറുത്തുമാറ്റിയ ഇരുമ്പുമറയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ ഈ മതില്. താല്‍ക്കാലികവേലി വിഭജനത്തിന്റെ വന്‍മതിലാക്കി, വര്‍ഗീയത വളര്‍ത്തി, അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയായിരുന്നു ഇതുവരെ. അതിതാ തകര്‍ക്കപ്പെട്ടിരിക്കുന്നു. അതിലാകെ സങ്കടപ്പെടുന്നത് നാല് കൂട്ടര് മാത്രം. പാക്കിസ്ഥാന്, ഭീകരവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, കോണ്‍ഗ്രസിലെ വര്‍ഗീയ വാദികള്‍. ദേശസ്നേഹികളെല്ലാം കക്ഷിരാഷ്ട്രീയഭേദമെന്യേ കശ്മീര്‍ നമ്മുടെ സ്വന്തമായതില്‍ അഭിമാനിക്കുന്നു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയടക്കം കശ്മീര്‍ മണ്ണില്‍ വീണുമരിച്ച യോദ്ധാക്കള്‍ക്ക് പ്രണാമം. ഭാരത സര്‍ക്കാരിന് അഭിവാദ്യം. കശ്മീരി ജനതയ്ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍. ഭാരത മാതാവ് ജയിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: