അടുത്ത മൂന്ന് സൂത്രങ്ങളോടെ ഉത്ക്രാന്ത്യധികരണം സമാപിക്കുന്നു.
സൂത്രം യാവദാത്മഭാവിത്വാച്ച ന ദോഷസ്തദ്ദര്‍ശനാത്
താന്‍ ആത്മാവാണ് എന്ന് അറിയുന്നത് വരേയും ബുദ്ധിസംയോഗമുണ്ടാകും. അത് ദോഷമല്ല അങ്ങനെ ശ്രുതിയില്‍ കാണുന്നുണ്ട്.
ജീവാത്മാവിന് ശരീരങ്ങളുമായി ബന്ധമുള്ളിടത്തോളം കാലം അതാത് ശരീരത്തിനനുസരിച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ ദോഷമില്ല. ശ്രുതി ഇതിനെ പറഞ്ഞിട്ടുണ്ട്. ബുദ്ധിയുമായുള്ള ചേര്‍ച്ച കൊണ്ടാണ് ജീവനുണ്ടാകുന്നത് എന്ന് പറയുമ്പോള്‍ ഒരു കുഴപ്പമുണ്ട്. ബുദ്ധിയുമായുള്ള ചേര്‍ച്ച വിടുമ്പോള്‍ ജീവനും നശിക്കില്ലേ എന്ന ചോദ്യം വരുന്നു. അതിനുള്ള സമാധാനമാണ് ഈ സൂത്രം.
ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി മുതലായവയുടെ അധ്യാസം ഉള്ള കാലത്തോളം ജീവത്വവും സംസാരിത്വവും നിലനില്ക്കും. ആ അധ്യാസം നീങ്ങി താന്‍ പരമാത്മാവ് തന്നെയാണ് എന്നറിയുമ്പോള്‍ ഉപാധികളുമായുള്ള ചേര്‍ച്ചയും ജീവത്വവും ഇല്ലാതാകുന്നു എന്നാണ് ശ്രുതി പ്രഖ്യാപിക്കുന്നത്. ശ്വേതാശ്വതരോപനിഷത്തില്‍ ‘തമേവ വിദിത്വാ അതി മൃത്യുമേതി നാന്യ: പന്ഥാ വിദ്യതേ/യ നായ’ ആത്മാവിനെ അറിയുമ്പോള്‍ മാത്രമേ മരണത്തെ അതിക്രമിക്കാനാകൂ. മോക്ഷത്തിന് വേറെ വഴിയില്ല. ജീവനായിത്തീരുന്നതു കൊണ്ട് ആത്മാവിന് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. അത് വെറും അധ്യാസം മാത്രമാണ്. ബൃഹദാരണ്യ കത്തില്‍ ‘നാന്യോ/ തോ/സ്തി ദ്രഷ്ടാ ശ്രോതാ, മന്താ ‘ആത്മാവില്‍ നിന്ന് വേറെയായി കാണുന്നവനും കേള്‍ക്കുന്നവനും മനനം ചെയ്യുന്നവനുമില്ല. വേദാന്തത്തിലെ മഹാവാക്യങ്ങളും ഇത് തന്നെയാണ് പ്രഖ്യാപിക്കുന്നത്. മോക്ഷവുമായി ബന്ധപ്പെട്ട ധാരണയേയും ഈ സൂത്രത്തിലൂടെ നീക്കുന്നു. ജീവാത്മാക്കള്‍ വീണ്ടും ജനിക്കുന്നത് സൂക്ഷ്മ ശരീരവുമായ ബന്ധം കൊണ്ടാണ്. പ്രളയ സമയത്ത് ഈ വാസനാ ബീജമുള്ള സൂക്ഷ്മ ശരീരം അടുത്ത ജന്മത്തിന് കാരണമാകും. പ്രളയത്തിലും ഉറക്കത്തിലും പരമാത്മാവുമായ ചേര്‍ച്ചയുണ്ടെങ്കിലും വാസനാ ബീജം ഉണ്ടെങ്കില്‍ വീണ്ടും ജനിക്കണം.
സൂത്രം പുംസ്ത്വാദിവത്ത്വസ്യ സതോ ളഭിവ്യക്തി യോഗാത്
ബീജ രൂപത്തിലിരിക്കുന്ന ബുദ്ധിസംയോഗത്തിന് പുരുഷത്വം മുതലായവ ഉള്ളത് പിന്നെ വ്യക്തമാകുന്നതിനാല്‍.
പൗരുഷം മുതലായവ തുടക്കത്തില്‍ ഒളിത്തിരുന്ന് പിന്നീട് പ്രകടമാകും പോലെയാണ് വീണ്ടും ജനിക്കല്‍.
കുട്ടികളില്‍ പുരുഷ ലക്ഷണമായ തേജസ്സ്, ഓജസ്സ്, പൗരുഷം മുതലായവ ബാല്യകാലത്ത് വ്യക്തമായിരിക്കില്ല. എന്നാല്‍ വളര്‍ന്ന് വല്ലതാകുമ്പോള്‍ അവയെല്ലാം പ്രകടമാകുന്നു. ഈ സ്വഭാവ വിശേഷതകള്‍ ബീജ രൂപത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അയാളില്‍ ഉണ്ടായിരുന്നു എന്ന് അറിയണം. അത് പോലെ ബീജ രൂപത്തില്‍ അവ്യക്തമായ മനോബുദ്ധികളുടെ ചേര്‍ച്ച പിന്നീട് വ്യക്തമായിത്തീരുന്നത് കാണാം. ഉറക്കത്തിലും മരണത്തിലും ഈ ബുദ്ധി സംയോഗം സൂക്ഷ്മമായിട്ടുണ്ട്. ഉണരുമ്പോഴും വീണ്ടും ജനിക്കുമ്പോഴും ഇത് പ്രകടമാകുന്നു.
വിത്തിനകത്ത് സൂക്ഷ്മമായിരിക്കുന്ന ഗുണങ്ങളെല്ലാം അവ വളര്‍ന്ന് ചെടികളോ മരങ്ങളോ ആകുമ്പോള്‍ പ്രകടമാകും. ഇതു പോലെ ജീവന്റെ സംസ്കാരങ്ങളും ബുദ്ധി തുടങ്ങിയവയുമൊക്കെ സമയമാകുമ്പോള്‍ പ്രകടമാകും. പുന:സൃഷ്ടിയ്ക്ക് ദോഷമോ അസാംഗത്യമോ ഇല്ല.
സൂത്രം നിത്യോപലബ്ധ്യനുപലബ്ധി പ്രസങ്ഗോളന്യതര നിയമോ വാ/ന്യഥാ
ജീവന് ബുദ്ധിയാകുന്ന ഉപാധിയെ സ്വീകരിക്കുന്നില്ലെങ്കില്‍ എപ്പോഴും വിഷയജ്ഞാനമോ ജ്ഞാനമില്ലായ്മയോ ഉണ്ടാകണം, അല്ലെങ്കില്‍ മറ്റൊരു നിയമനം വേണ്ടി വരും. മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയിലൂടെയാണ് ആത്മാവ് വിഷയങ്ങളെ അറിയുന്നത് എന്ന് മാത്രം കരുതേണ്ടതില്ല എന്നാണ് പൂര്‍വപക്ഷവാദം. ആത്മാവ് ജ്ഞാനസ്വരൂപനും സ്വയം പ്രകാശനുമാണ് അതിനാല്‍ ആത്മാവ് സ്വയം അറിയുന്നു എന്ന് കരുതിയാല്‍ മതി എന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. ഈ വാദത്തിനുള്ള മറുപടിയാണ് ഈ സൂത്രം.
അങ്ങനെയെങ്കില്‍ ആത്മാവ് എപ്പോഴും എല്ലാ വിഷയങ്ങളേയും അറിയുന്നു എന്നോ അറിയുന്നില്ല എന്നോ പറയേണ്ടി വരും. ഇന്ദ്രിയങ്ങള്‍ക്കും മറ്റും വിഷയങ്ങളോട് ബന്ധമുണ്ടാകുമ്പോള്‍ മാത്രമാണ് വിഷയജ്ഞാനം ഉണ്ടാകുന്നത് എന്ന കാര്യം ഏവര്‍ക്കും അനുഭവമാണ്. ജ്ഞാനം ആത്മാവിലുണ്ടെങ്കിലും അത് പ്രകാശിക്കുവാന്‍ സഹായിക്കുന്നവയാണ് ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്ക് വിഷയങ്ങളുമായുള്ള ചേര്‍ച്ച. അതിനാല്‍ ആത്മാവിന് വിഷയ ജ്ഞാനമുണ്ടാക്കാന്‍ ഈ ഉപാധികള്‍ സഹായിക്കുന്നുവെന്ന് തന്നെ കരുതണം. അല്ലെങ്കില്‍ ജ്ഞാനപ്രകാശത്തിന് മറ്റ് വല്ലതിനേയും ആശ്രയിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: