തിരുവല്ല: കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിക്ക് പോലീസിന്റെ സംരക്ഷണം. ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ കമ്പനിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ച് തട്ടിപ്പ് നടത്തിയ തിരുവല്ല സ്വദേശിക്കാണ് പോലീസ് സംരക്ഷണമൊരുക്കുന്നത്.
ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ കമ്പനിയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരനായ കുറ്റൂര്‍ ഓങ്കാരം വീട്ടില്‍ അജിത്ത്കുമാറിനെ(40)യാണ് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം ചുമത്ര കോവുര്‍ വീട്ടില്‍ മോളി പുന്നൂസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഇവരില്‍നിന്ന് 53 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനടക്കം നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടും എഫ്ഐആറില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നിരവധി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും തിരുവല്ല പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒരു അന്വേഷണത്തിനും തയ്യാറായില്ല. മാത്രമല്ല അരക്കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തിട്ട് സംഭവം മാധ്യമങ്ങള്‍ക്ക് നല്‍കാതെ മുക്കുകയും ചെയ്തു. തങ്ങളുടെ പേരില്‍ ഒരു ജീവനക്കാരന്‍ തട്ടിപ്പു നടത്തിയിട്ടും ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ കമ്പനിക്ക് പരാതി ഇല്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഏപ്രില്‍ 12 നാണ് മോളിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിര്‍ള മ്യൂച്വല്‍ഫണ്ട് പോര്‍ട്ട് ഫോളിയോ വ്യാജമായി നിര്‍മിച്ച് മോളിയില്‍ നിന്ന് 2017 നവംബര്‍ 30 മുതല്‍ 2018 ജൂണ്‍ എട്ടു വരെയുള്ള കാലയളവില്‍ ഏഴു തവണകളായി 36, 80000 രൂപ എച്ച്ഡിഎഫ്സി ബാങ്കിന്റെ തിരുവല്ല ശാഖയില്‍ നിന്നും ചെക്ക് മുഖേനെയും 16,20000 രൂപ പണമായി നേരിട്ടും കൈപ്പറ്റി.
ഇതിന് വ്യാജരേഖ നിര്‍മ്മിച്ചു നല്‍കിയെന്നാണ് കേസ്. കമ്പനിയുടെപേരില്‍ വ്യാജരേഖ നിര്‍മ്മിച്ച് കോടികള്‍ തട്ടിയ പ്രതിക്കെതിരേ പരാതി നല്‍കാത്തതിനുപിന്നില്‍ കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് സംശയമാണുള്ളത്.
നിരവധി ബിസിനസുകാരും വിദേശമലയാളികളും തട്ടിപ്പിന് ഇരയായിട്ടുണ്ട് ഇതില്‍ മോളി പുന്നൂസ് മാത്രമാണ് പരാതി നല്‍കിയത്.
















