കോട്ടയം: ഒരു പന്തിയില്‍ രണ്ട് നയം. മണര്‍കാട് ബൈപ്പാസിലാണ് സിപിഎമ്മിനും പൊതുജനങ്ങള്‍ക്കും രണ്ട് നിയമം അധികൃതര്‍ നടപ്പാക്കുന്നത്. റോഡ് കയ്യേറി സിപിഎം നിര്‍മ്മിച്ച ഓഫീസ് പൊളിക്കുന്നതിലാണ് പോലീസും പൊതുമരാമത്ത് വകുപ്പും ഒളിച്ചുകളിക്കുന്നത്.
മണര്‍കാട്-പട്ടിത്താനം ബൈപ്പാസിലാണ് റോഡ് കയ്യേറി വശങ്ങളില്‍ നിര്‍മ്മിച്ച കടകളും പെട്ടിക്കടകളും പോലീസ് സഹായത്തോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പൊളിച്ചത്. പൂവത്തുംമൂട് മുതല്‍ തിരുവഞ്ചൂര്‍ കുരിശുപള്ളി വരെയാണ് റോഡിന്റെ ഇരുവശത്തെയും കടകളും പെട്ടിക്കടകളും പൊളിച്ചു നീക്കിയത്. എന്നാല്‍ കണിയാംകുന്നില്‍ റോഡ് കയ്യേറി സിപിഎം നിര്‍മ്മിച്ച ഓഫീസ് പൊളിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.
സാധാരണക്കാരും രോഗികളും മറ്റു ജോലിചെയ്യാന്‍ കഴിയാത്തവരും ഉപജീവനം നടത്തിയിരുന്ന കടകളാണ് പൊളിച്ചുനീക്കിയത്. എന്നാല്‍ തിരുവഞ്ചൂര്‍ കുരിശുപള്ളി മുതല്‍ മണര്‍കാട് വരെയുള്ള റോഡ് കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കാനായിട്ടില്ല. ഇത് സിപിഎം ഓഫീസിനെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.
വായനശാല എന്ന പേരിലാണ് സിപിഎം ഓഫീസിന്റെ നിര്‍മ്മാണം. ഈ ഓഫീസിന്റെ മറവില്‍ ആയുധം സ്വരൂപിക്കുന്നതായും മണര്‍കാട് കോളേജിലെ എസ്എഫ്‌ഐക്കാര്‍ ഇവിടെ നിന്നാണ് ആയുധങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരു നിയമവും സിപിഎമ്മിന് മറ്റൊരു നിയമവുമാണോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. റോഡ് കയ്യേറി നിര്‍മ്മിച്ച സിപിഎം ഓഫീസ് പൊളിച്ചു നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
















