പത്തനംതിട്ട: ജില്ലാ കളക്ടറുടെ മിന്നല്‍ സന്ദര്‍ശനത്തോടെ തങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ചാലക്കയത്ത് അധിവസിക്കുന്ന വനവാസി കുടുംബങ്ങള്‍.
ജില്ലയിലെ നാല്‍പ്പത് മലമ്പണ്ടാര കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്താനാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് കഴിഞ്ഞ ദിവസം ളാഹയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ചാലക്കയത്തെ പട്ടികവര്‍ഗ കോളനിയിലും പ്ലാപ്പള്ളി തിട്ടയിലെ വനവാസി ഊരിലും എത്തിയത്. ഊരുകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിവ ലഭിക്കുന്നില്ലെന്ന് അവരുമായി സംസാരിച്ച കളക്ടര്‍ കണ്ടെത്തി. മുന്‍ഗണന അര്‍ഹിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ ഒരു കുടുംബത്തിനും നല്‍കിയതായി കണ്ടില്ല. ജനന മരണ വിവരവും യഥാസമയം റജിസ്റ്റര്‍ ചെയ്യാറില്ല. ഈ സാഹചര്യത്തില്‍ ഒരു മാസത്തിനകം പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായി ചാലക്കയത്ത് അദാലത്ത് സംഘടിപ്പിക്കാനാണ് തീരുമാനം. സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട അവശ്യ രേഖകളും ആനുകൂല്യങ്ങളും അദാലത്ത് മുഖേന ലഭ്യമാക്കും. വനവാസികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് കമ്യൂണിറ്റി കിച്ചണുകളോ ബദല്‍ മാര്‍ഗങ്ങളോ പരിഗണിക്കുകയും ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ചാലക്കയം പട്ടികവര്‍ഗ കോളനിയിലെ പതിനാല് കുടുംബങ്ങളുടെ എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി നല്‍കുന്നതിനും, മലമ്പണ്ടാരം ഉള്‍പ്പെടെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കുന്നില്ലെന്ന പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കുവാനും പെരുനാട് പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികള്‍ കൂടുതലായി പഠിക്കുന്ന കിസുമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടികവര്‍ഗ വികസന വകുപ്പ് പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന പ്രീ മെട്രിക്ക് ഹോസ്റ്റല്‍ എന്നിവിടങ്ങള്‍ കളക്ടര്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. എല്ലാ കുട്ടികളും കൃത്യമായി സ്‌കൂളില്‍ പോകുന്നില്ലെന്ന് കണ്ടെത്തി. കിസുമം സ്‌കൂളിലെയും പ്രീ മെട്രിക് ഹോസ്റ്റലിലെയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളും. കേന്ദ്ര വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി 40 കുടുംബങ്ങള്‍ക്ക് വനഭൂമി നല്‍കുന്നതിനും അടിസ്ഥാന സൗകര്യം ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും കളക്ടര്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
















