ആലപ്പുഴ: ആഭ്യന്തരവകുപ്പിനും പോലീസിനും എതിരെ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ഏരിയാ സെക്രട്ടറി, പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. ചെങ്ങന്നൂര്‍ പാലച്ചുവട് സ്‌നേഹ സ്റ്റുഡിയോ ഉടമ സതീഷിനെ മര്‍ദ്ദിക്കുകയും ക്യാമറകളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തയാളെ പോലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ നടത്തുന്ന ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് ഏരിയ സെക്രട്ടറി എം.എച്ച് റഷീദാണ്.
അക്രമം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലും പോലീസ് തയാറായിട്ടില്ല. ഇതിനെതിരെ യൂണിയന്‍ പലതവണ പ്രതികരിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത്. പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ചുമതല വഹിക്കുന്ന പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ പാര്‍ട്ടി നേതാവ് തന്നെ സമരത്തിന് നേതൃത്വം നല്‍കുന്നതാണ് അണികളില്‍ ആശയകുഴപ്പം ഉണ്ടാക്കിയത്. ഏരിയ സെക്രട്ടറി ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ പോലും നടപടിയുണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നത് ശരിയാണോയെന്നാണ് സമുഹമാധ്യമങ്ങളില്‍ സഖാക്കള്‍ ചോദിക്കുന്നത്.
പാര്‍ട്ടി പറഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ നേതൃത്വം തയാറാകണമെന്നും ആവശ്യം ഉയരുന്നു. സിപിഎം ഭരിക്കുമ്പോള്‍ പോലീസ് സാമഹ്യവിരുദ്ധര്‍ക്കും അക്രമികള്‍ക്കും ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ചെങ്ങന്നൂരിലെ അനുഭവമെന്നും സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരില്‍ സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ അനാസ്ഥക്കെതിരെ ജില്ലയില്‍ പാര്‍ട്ടി നേതൃത്വം പ്രത്യക്ഷസമരത്തിനിറങ്ങുന്നത് തുടര്‍ക്കഥയായി.
മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാത്ത സഹകരണ വകുപ്പിന്റെ നിഷേധാത്മക നിലപാടിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസറാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സുജാത അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനമാണോ സിപിഎം നേതാക്കളുടേതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതാക്കളായ മുഖ്യമന്ത്രിയേയോ സഹകരണമന്ത്രിയേയോ നേരിട്ട് ബന്ധപ്പെട്ട് പരിഹാരം കാണാന്‍ കഴിയുന്നവര്‍ നടത്തുന്ന സമരം അണികളിലും നേതാക്കളിലും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുകയാണ്. അടുത്തകാലത്തായി സിപിഎമ്മില്‍ രൂപംകൊണ്ട പുതിയ ചേരിതിരിവിന്റെ ഭാഗമാണ് ഇത്തരം സമരങ്ങളെന്നും ആരോപണമുണ്ട്.
















